തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുണ്ടായ കല്ലേറിന്റെ ഗുണഫലം ഇന്ന് സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്കുന്ന മുഖ്യമന്ത്രിക്കാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രിക്ക് അത്തരമൊരു ഗുണഫലം ഉണ്ടാക്കി കൊടുക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെയുളള സമരത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കാണ് അക്രമണത്തിനു ഇരയായത്. എന്നിട്ടും സമാധാനപരമായ സമരമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു. നേരത്തെ സമരം തകര്‍ക്കാന്‍ തല്പരകക്ഷികള് നുഴഞ്ഞു കയറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും പിണറായി വിജയന് ചോദിച്ചു.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പോലീസിന് നല്‍കണമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്കെതിരായ അക്രമണത്തെകുറിച്ച് ഗൗരവമായ അന്വേഷണം വേണം. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഏത് തരത്തിലുള്ള അന്വേഷണത്തെയും എല്‍.ഡി.എഫ് സ്വാഗതം ചെയ്യുന്നതായും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുകയെന്ന അജണ്ട എല്‍.ഡി.എഫിനില്ല. എല്‍.ഡി.എഫിനെ സംന്ധിച്ചിടത്തോളം ഇത്തരമൊരാക്രമണം നടത്തിയതു കൊണ്ട് യാതൊരു നേട്ടവുമില്ല. ആക്രമണത്തിന്റെ ഗുണഫലം മുഖ്യമന്ത്രിക്കാണ് ലഭിക്കുക. അങ്ങനെയൊരു അവസരം എല്‍.ഡി.എഫ് ഉണ്ടാക്കിക്കൊടുക്കില്ല. ഇന്നലെ സമരം ചെയ്ത നാലിടങ്ങളിലും യാതൊരു അക്രമണം ഉണ്ടായിട്ടില്ല. അത് ചാനലുകളില്‍ നിന്നും വ്യക്തമാണെന്നും പിണറായി വിജയന് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: