ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ച് സായൂജ്യ#ം നേടി. ഇന്നലെ മധ്യാഹ്നത്തോടെയാണ് ആയില്യം എഴുന്നള്ളത്ത് ആരംഭിച്ചത്.
പുള്ളുവന്‍ പാട്ടിന്റെ ഭക്തിലഹരിയില്‍ ഭക്തര്‍ നാഗദൈവങ്ങളെ വണങ്ങി. വലിയമ്മ ഉമാദേവി അന്തര്‍ജനം ക്ഷേത്ര ശ്രീകോവിലിലേയ്ക്കെത്തിയപ്പോള് എഴുന്നള്ളത്തിനുള്ള ഒരുക്കമായി. ഉച്ചയ്ക്ക് രണ്ടോടെ അകത്തെ പൂജതുടങ്ങി 2.15ന് ശംഖ് മുഴങ്ങിയപ്പോള്‍ അമ്മ നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായി എഴുന്നള്ളി.
ചെറിയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയുടെ വിഗ്രഹവും പരമേശ്വരന് നമ്പൂതിരി നാഗയക്ഷി, വാസുദേവന്‍ നമ്പൂതിരി, നാഗചാമുണ്ഡി എന്നീ നാഗദൈവങ്ങളുടെ വിഗ്രഹവുമായി അമ്മയെ അനുഗമിച്ചു.
പഞ്ചവാദ്യ നാദസ്വര മേളങ്ങള്‍ എഴുന്നള്ളത്തിന്റെ വരവറിയിച്ചപ്പോള്‍ സ്ത്രീ ഭക്തര്‍ വായ്ക്കുരവയിട്ടു. പുരുഷന്മാര് ശരണം വിളിച്ചു. ക്ഷേത്രപ്രദക്ഷിണത്തിനുശേഷം എഴുന്നള്ളിപ്പ് ഇല്ലത്തേയ്ക്ക് തിരിച്ചു. ഇല്ലത്തെ നിലവറയിലെ തളത്തില്‍ നാഗദൈവങ്ങളെ പ്രതിഷ്ഠിച്ച് നൂറുംപാലും തളിക്കുന്ന ചടങ്ങ് നടന്നു.
നെയ്യ് വിളക്കുകളെ സാക്ഷി നിര്‍ത്തി വലിയമ്മ എല്ലാ നാഗദൈവങ്ങള്‍ക്കും നൂറുംപാലും കഴിച്ചു. ഇല്ലത്തെ കാരണവര്‍ എം.കെ.പരമേശ്വരന് നമ്പൂതിരി ആകാശ സര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും തട്ടിന്മേല് നൂറുംപാലും തൂകി തുടര്‍ന്ന് ഗുരുതി നടന്നു.
ഇതോടെ അഞ്ച് തലയുള്ള സര്പ്പക്കുഞ്ഞിനും ഒരു പുരുഷ പ്രജയ്ക്കും ഒരേ സമയം ജന്മം അരുളിയ മണ്ണാറശാലയിലെ ആദ്യ കാരണവത്തിയുടെ തലമുറകള്‍ കൈമാറിയ വിശ്വാസത്തില്‍ അധിഷ്ഠിതമായ കര്‍മങ്ങള്‍ക്ക് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: