തൃശൂര്‍: സവര്‍ണ അവര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും ഹോമാദികര്‍മ്മങ്ങള്‍ ചെയ്യാമെന്ന് തെളിയിക്കുന്ന സാഗ്നേയത്തിന് അന്യോന്യത്തിന്റെ നാടായ കടവല്ലൂര്‍ ഒരുങ്ങിയതായി കടവല്ലൂര്‍ അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂര്‍ ക്യഷ്ണന്നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു യജ്ഞത്തിനൊരുങ്ങുകയാണ് കടവല്ലൂര്‍ ഗ്രാമം. വേദാധികാരമില്ലാതിരുന്ന ജനങ്ങള്‍ക്ക് വേദപണ്ഡിതനായ ഗുരുവില്‍നിന്ന് വേദം പഠിപ്പിച്ച ചരിത്രമുള്ള കടവല്ലൂര്‍ അന്യോന്യ പരിഷത്ത് യജ്ഞശാലയിലെ ഹോമകുണ്ഡങ്ങളിലേക്ക് വേദം ചൊല്ലിക്കൊണ്ട് എല്ലാവര്ക്കും ഹവിസര്പ്പിക്കാനുള്ള പവിത്രാവസരമൊരുക്കുന്നു. കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍ നവംബര്‍ ഒന്നുമുതല്‍ 10 വരെ സാഗ്നേയം എന്ന വിശേഷയജ്ഞം അരങ്ങേറുന്നത്. മഹാകവി അക്കിത്തമാണ് ജാത്യതീതമായി വേദമന്ത്രങ്ങളുപയോഗിച്ച് ഹോമം ചെയ്യുക എന്ന ആശയം മുന്നോട്ടുവച്ചത്.
മൂന്നുദിവസത്തെ വ്രതമെടുത്ത് കോടിവസ്ത്രം ധരിച്ച് യജ്ഞശാലയില്‍ രാവിലെ 7.30 ന് പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് പാരമ്പര്യമായി ഹോമം ചെയ്തുപോരുന്ന വൈദിക ബ്രാഹ്മണന് എല്ലാ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കി പ്രാണായാമം, ഹോമാചാരം, ഗണപതിഹോമം, സാഗ്നേയ യജ്ഞം എന്നിവ ചെയ്യിക്കുന്നതിന് ഏവരേയും പ്രാപ്തമാക്കും. അരണികടഞ്ഞ് ആചാര്യന്റെ ഹോമകുണ്ഡത്തില്‍ അഗ്നിയുണര്ത്തിയ ശേഷം പക്ഷിയുടെ ചിറകിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച നൂറ് ഹോമ കുണ്ഡങ്ങളിലേക്കും ആചാര്യന് അഗ്നി പകരും.
രാവിലെ 7 മുതല്‍ 10 വരെയായിരിക്കും എല്ലാദിവസവും സാഗ്നേയം നടക്കുക. രാവിലെ 10.30 മുതല്‍ പ്രഭാഷണങ്ങള്‍ നടക്കും. പ്രഭാഷണങ്ങളില്‍ രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കും. സന്ധ്യാസമയത്ത് ഹോമം ചെയ്തവര്‍ക്ക് ആചാര്യ ഉപദേശമനുസരിച്ച് ഭഗവത്സേവ സ്വയം അനുഷ്ഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.
ദിവസവും നൂറുപേര്‍ക്ക് മാത്രമാണ് സാഗ്നേയയജ്ഞത്തില് പങ്കെടുക്കാന്‍ കഴിയുക. സംഹിതാപാഠം, സാരസ്വതം, യോഗക്ഷേത്രം, ഭാഗ്യസൂത്രം, ഓഷധീ സൂക്തം തുടങ്ങിയ മന്ത്രങ്ങളായാണ് ഈ യജ്ഞം അനുഷ്ഠിക്കുന്നത്. നവംബര്‍ ഒന്നിന് 5000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാരസ്വത യജ്ഞത്തോടെയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന സാഗ്നേയ യജ്ഞത്തിന് തുടക്കമാകുക. ഒന്ന് മുതല്‍ 12 വരെ ക്ഷേത്രത്തിനകത്ത് പരമ്പാരാഗതശൈലിയില്‍ മുറഘോമം നടക്കും.പരമ്പരാഗത ചടങ്ങുകള്‍ നടക്കുമ്പോള്‍ തന്നെ കടവല്ലൂര്‍ പുതിയ മാനങ്ങള്‍ തേടുകയാണ്.വേദപാരമ്പര്യവും ഭാരതീയ നിയമവ്യവസ്ഥയും എന്ന വിഷയത്തില്‍ 14,15 തീയതികളില്‍ ദേശീയ സെമിനാര്‍ നടക്കും. 25 വരെ വിവിധ പരിപാടികള്‍ നടക്കും.വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി ഡി.രാമചന്ദ്രന്,കോഡിനേറ്റര്‍ ഷാജു സി.വി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: