കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി: എ.പി ഷൗക്കത്തലിയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വിചാരണക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം ഇന്നലെ കോടതിയില്‍ നടന്നു. നേരത്തെ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍, ഫോണ്‍ രേഖകള്‍ ലഭിക്കാന്‍ പ്രതിഭാഗത്തിന് മറ്റു വഴികള്‍ തേടാമെന്ന ഹൈക്കോടതി വിധിന്യായത്തിലെ പരാമര്‍ശത്തിന്റെ ബലത്തിലാണ് പ്രതിഭാഗം വിചാരണക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്.
എവിഡന്‍സ് ആക്റ്റ്പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍കോള്‍ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടതാണെന്നും ഈ രേഖകള്‍ പുറത്തുവിടാന്‍ പാടില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. ഫോണ്‍കോള്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ നിയമപരമായി അധികാരപ്പെടുത്തിയത് ബിഎസ്എന്‍എല്ലിനെയാണ്. മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഈ വിവരങ്ങള്‍ ശേഖരിച്ചാല്‍ അതിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമെന്നും പ്രോസിക്യൂഷന് വാദിച്ചു. നേരത്തെ ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി അപ്രസക്തമാണോ അല്ലെയോ എന്ന് ഹൈക്കോടതി പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വിധി നിലനില്‍ക്കുന്നുണ്ടെന്നും ജഡ്ജി ആര്. നാരായണപ്പിഷാരടി വ്യക്തമാക്കി.
തലശ്ശേരി ഡിവൈഎസ്പിയുടെ ഓഫീസിലോ ഇന്റലിജന്‍സ് എഡി.ജി.പി: ടി.പി സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിലോ ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുമെന്നും അത് അവിടെ നിന്ന് ഹാജരാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണപിഷാരടി മുമ്പാകെ പ്രതിഭാഗം വീണ്ടും ഹര്‍ജി നല്‍കിയത്. കേസിലെ 31-ാം പ്രതി ലംബു പ്രദീപനുവേണ്ടി അഡ്വ. വിനോദ്കുമാര്‍ ചമ്പോളന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഡിവൈഎസ്പിയുടെ ഓഫീസിലോ ഇന്റലിജന്‍സ് എഡിജിപി: ടി.പി സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അറിയുന്നതിനായി ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കണമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് മുമ്പുള്ള രേഖകള്‍ സൂക്ഷിക്കാറില്ലെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനെതുടര്‍ന്ന് രേഖകള്‍ നല്‍കാനാവില്ലെന്ന വിധത്തില്‍ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: