പത്തനംതിട്ട: അഴിമതിക്ക് കൂട്ടുനില്ക്കാനാകാതെ കൃഷിഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നത് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷിഓഫീസില്‍ പതിവാകുന്നു. ജില്ലാപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് വളംവിതരണം ചെയ്തതിലാണ് ഒരുകോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ തട്ടിപ്പാണ് പിന്നീട് ചുമതലയേല്‍ക്കുന്നവര്‍ക്ക് കെണിയായി മാറിയിരിക്കുന്നത്.
മതിയായ രേഖകള്‍ ഒന്നുംതന്നെ ഫയലില്‍ സൂക്ഷിക്കാതെയാണ് ഒരുകോടിയോളം രൂപയുടെ ബില്ല് ട്രഷറിയില്‍ സമര്‍പ്പിച്ച് ഡ്രാഫ്റ്റ് ലഭ്യമാക്കിയത്.
എന്നാല്‍ ഇത് വളം വിതരണം ചെയ്ത കമ്പനിക്ക് നല്കാന് പിന്നീട് ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനായി ഉന്നതങ്ങളില്നിന്നുളള സമ്മര്ദ്ദമേറുമ്പോ ള്‍ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെടുകയോ ദീര്ഘകാലഅവധിക്ക് അപേക്ഷനല്‍കി മുങ്ങുകയോ ആണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം തങ്ങളുടെമേല്‍ വരാതിരിക്കാനായി നാലോളം ഉദ്യോഗസ്ഥരാണ് രണ്ടുമാസത്തിനുള്ളില്‍ അവധിയില്‍ പ്രവേശിച്ചത്.
50 ശതമാനം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി വളം വാങ്ങിയതിന്റെ പേരിലാണ് അഴിമതി. ചില ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗൂഢമായി പദ്ധതി ആവിഷ്ക്കരിച്ചതെന്നും അറിയുന്നു. വാട്ടര്‍മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആയിരുന്നു ജില്ലയിലെ ജനകീയാസൂത്രണ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റ് 31 ന് സര്‍വീസില്‍ നിന്നും വിരമിച്ചു. എന്നാല്‍ അതിന് തൊട്ടുമുമ്പുള്ള ദിവസം ഏകദേശം ഒരുകോടിരൂപയുടെ ബില്ല് ട്രഷറിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞമാസം 3, 6 തീയതികളിലായി ഈ തുകയുടെ ഡ്രാഫ്റ്റ് കൃഷിഓഫീസിലേക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രാഫ്റ്റ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനായി പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥന് പരിശോധിച്ചപ്പോഴാണ് നിയമാനുസരണം ലഭ്യമാക്കേണ്ട യാതൊരു രേഖകളും ഫയലില്‍ ഇല്ലെന്ന് മനസ്സിലായത്. പദ്ധതി നടപ്പിലാക്കാനുള്ള ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന്റെ കോപ്പി, കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ്, പര്‍ച്ചേസ് കമ്മിറ്റി തീരുമാനം, സപ്ലൈഓഡര്, മോനിട്ടറിംഗ് കമ്മിറ്റിയുടെ തീരുമാനം തുടങ്ങിയ അടിസ്ഥാനരേഖകളൊന്നും ഫയലില്‍ ഉണ്ടായിരുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം മാത്രമേ നിയമപരമായി ബില്ലുമാറാന്‍ പാടുള്ളു എന്നിരിക്കെ മുന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് വഴിവിട്ട കാര്യങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ഗുണഭോക്താക്കളുടെ ലിസ്റ്റുപോലും ഫയലില്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കെങ്കിലും വളം നല്‍കിയോ എന്നുപോലും അറിയാന്‍ കഴിയില്ല.
ഇതേക്കുറിച്ച് ഫയലില്‍ കുറിപ്പെഴുതിയ ഉദ്യോഗസ്ഥനും അടുത്തദിവസംതന്നെ അവധിയില്‍ പ്രവേശിച്ചു. പീന്നീട് ചുമതലയേറ്റ വാട്ടര്‍മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടറും രണ്ടാംദിവസം മൂന്നുമാസത്തെ അവധിയിലായി. തുടര്‍ന്ന് തിരുവനന്തപുരത്തെ കൃഷി ഡയറ്കടറുടെ ഓഫീസില്‍ നിന്നും വളം വിതരണം ചെയ്ത കമ്പനിക്ക് ഡ്രാഫ്റ്റ് ലഭ്യമാകുന്നതിനുള്ള കാലതാമസത്തെക്കുറിച്ച് തിരക്കിയിരുന്നു. ഫയല്‍ പരിശോധിച്ച് മതിയായ രേഖകള്‍ ഫയലിലില്ലെന്ന് കാണിച്ച് മറുപടി നല്‍കിയശേഷം ഇപ്പോള്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. നൂര്‍ജഹാനും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് സബ്സിഡി നിരക്കില്‍ വളം വിതരണം ചെയ്യേണ്ടത്. ഇവര്‍ക്ക് വളം ലഭ്യമാക്കുന്നത് സതേണ്‍ ഫെര്‍ട്ടിലൈസേഴ്സ് എന്ന കമ്പനിയാണ്.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: