മരട്: നെട്ടൂരിലെ കാര്ഷികമൊത്തവ്യാപാര വിപണി അഗ്രികള്‍ച്ചര്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ്)യില്‍ പ്രതിദിനം ചീഞ്ഞുനശിക്കുന്നത് ലക്ഷങ്ങളുടെ പഴങ്ങളും പച്ചക്കറികളും. വിളവെടുപ്പു സീസണുകളില്‍ മാര്‍ക്കറ്റിലെത്തുന്ന പഴങ്ങളും മറ്റും വിലക്കുറച്ചു നല്‍കാതെ മാര്‍ക്കറ്റിലെ സംഭരണ ശാലകളില്‍ നശിക്കുന്നത് പതിവുസംഭവമായി. മാര്‍ക്കറ്റിലെ ഒരു മൊത്തകച്ചവടക്കാരന് സംഭരിച്ചിരുന്ന 200 ട്രേയോളം മുസമ്പി ചീഞ്ഞുനാറി ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂഴ്ത്തിവയ്പ്പിന്റെ വിവരം പുറത്തുവന്നത്.
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് നെട്ടൂര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത്. പഴങ്ങളാകട്ടെ വിദൂരസംസ്ഥാനങ്ങളില്നിന്നും വിദേശത്തുനിന്നുവരെ ഇവിടെ എത്തുന്നുണ്ട്. വിളവെടുപ്പുസമയത്ത് വളരെ ചുരുങ്ങിയ വിലക്കാണ് ഉല്പന്നങ്ങള് മൊത്തവ്യാപാരികള്‍ക്കു ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലക്ക് ഇതുവിറ്റഴിക്കാന് കഴിയും. എന്നാല്‍ വിപണി വില എല്ലാസമയത്തും ഉയര്ത്തിനിര്ത്തുവാനും അമിതലാഭം കൊയ്യുവാനുള്ള വ്യഗ്രതയാണ് പൂഴ്ത്തിവയ്പ്പിനു പിന്നിലത്രെ.
മാര്‍ക്കറ്റിലെ നാനൂറോളം കടമുറികളില്‍ പകതിയോളം അടച്ചിട്ടനിലയിലാണ്. ഇവയില്‍ മിക്കതുമാണ് പൂഴ്ത്തിവെപ്പിനായി ഉപയോഗിക്കുന്നത്. സവാള, ഉള്ളി, ഏത്തക്ക ഉള്‍പ്പെടെയുള്ള കായിനങ്ങള്, മറ്റുപച്ചക്കറികള്‍ എന്നിവ പൂഴ്ത്തുന്നവയില് ഉള്‍പ്പെടും. ഓറഞ്ച്, മുസമ്പി, പൈനാപ്പിള്‍, മാമ്പഴം തുടങ്ങിയവയും ഒളിച്ചുവെക്കുന്നത് പതിവാണ്. പെട്ടെന്നു കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ തളിച്ചാണ് പ്ലാസ്റ്റിക് ട്രേകളിലാക്കി ഇവ പൂഴ്ത്തിവെക്കുന്നത്. വിളവെടുപ്പു സമയത്തും, അധികം ഉത്പാദനം നടക്കുമ്പോഴും ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ വേണ്ടി വിലകുറച്ച് നല്‍കുക എന്നതാണ് പതിവുരീതി. കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് ഗുണകരമാണ്. കമ്മോഡിറ്റി ഉല്പന്നങ്ങളുടെ ലോകത്തെമ്പാടുമുള്ള വിപണനരീതിയും ഇതാണ്. എന്നാല്‍ വര്‍ഷത്തില്‍ 365 ദിവസവും ഉപഭോക്താക്കാളെ കൊള്ളയടിച്ച് അമിതലാഭം നേടാനുള്ള ഒരു വിഭാഗം മൊത്തകച്ചവടക്കാരുടെ ഗൂഢാലോചനയാണ് പൂഴ്ത്തിവയ്പ്പിനു പിന്നിലെന്നാണ് ആരോപണം. നശിപ്പിച്ചുകളഞ്ഞാലും ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള് വില്‍ക്കില്ലെന്ന വാശിയിലാണ് ഒരു വിഭാഗം കച്ചവടക്കാര്‍.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: