14. പ്രഭൂഃ – പ്രഭുവായവന്‍. പ്രഭു എന്ന പദത്തിന് പ്രകര്‍ഷേണ ഭവിക്കുന്നവന്‍, പ്രഭവിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. ”കര്‍ത്തും അകര്ത്തും അന്യഥാ കര്‍ത്തും ശക്തഃ” എന്ന് ആചാര്യന്മാര് ഈ പദത്തെ വ്യാഖ്യാനിക്കുന്നു. ചെയ്യാനോ ചെയ്യാതിരിക്കാനോ മറ്റുവിധത്തില്‍ ചെയ്യാനോ ശക്തിയുള്ളവന്.കര്‍ത്തും എന്ന പദംകൊണ്ട് സൃഷ്ടിയെയും അകര്ത്തും എന്ന പദംകൊണ്ട് സംഹാരത്തെയും അന്യഥാകര്‍ത്തും എന്ന പ്രയോഗം കൊണ്ട് പ്രപഞ്ചഘടനയ്ക്ക് വരുത്തുന്ന വ്യത്യാസങ്ങളെയും കുറിക്കുന്നു. സാമാന്യവ്യവഹാരത്തില്‍ നാഥന്, ഉടമ, ഭരണാധികാരി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ഗുരുവായൂരപ്പന് ജഗത്തിന് നാഥനാണല്ലോ.
”അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച” (എല്ലാ യജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാന്‍ തന്നെയാണ്. ഭഗവത്ഗീത 9-24) എന്ന് ഭഗവാന് തന്നെ പറഞ്ഞിട്ടുണ്ട്.
15. രാധാകാന്തഃ – രാധാദേവിയുടെ കാന്തന്. രാധാദേവി ലോകമാതാവാണ്. എല്ലാ ലോകങ്ങള്‍ക്കും അതീതമായ ഗോലോകത്തില്‍ പുരാണജായാവരരായ രാധയും കൃഷ്ണനും ലോകത്തിന്റെ സൃഷ്ടിസ്ഥിതലയങ്ങള്ക്ക് കാരണമായ രാസലീലയില്‍ ഏര്പ്പെട്ടുകഴിയുന്നതായി പുരാണങ്ങള്‍. കാന്തന് എന്ന പദത്തിന് ഭര്‍ത്താവ് എന്നും കാമുകന് എന്നും അര്‍ത്ഥമുണ്ട്. കൃഷ്ണാവതാരത്തില്‍ രാധ ഗോകുലത്തില്‍ വൃക്ഷഭാനുവിന്റെയും കലാവതിയുടെയും മകളായി ജനിച്ചു.
ഗോപകന്യകമാരില് ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയായിരുന്നു. രാധയുടെ പല ജന്മങ്ങള് പുരാണങ്ങളില്‍ കാണാം. എല്ലാ ജന്മത്തിലും രാധയുടെ ഭര്‍ത്താവായോ കാമുകനായോ കൃഷ്ണനുമുണ്ടാകാം. അവിനാഭാവബന്ധമാണ് അവര്‍ തമ്മിലുള്ളത്. ഗുരുവായൂരപ്പന് ഏറ്റവും ഇഷ്ടപ്പെട്ട നാമമാണിത്. രോഗഹരമന്ത്രത്തിലെ ആറാമത്തെ അക്ഷരമായ ”രാ” കൊണ്ടാണ് ഈ നാമം തുടങ്ങുന്നത്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: