കണ്ണൂര്‍: മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന കല്ലേറില്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ പരിക്കേറ്റു. സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇന്നലെ വൈകിട്ട് 5.40 ഓടെ പോലീസ് പരേഡ് ഗ്രൗണ്ടിന് 200 വാര അകലെ വെച്ചായിരുന്നു സിപിഎമ്മുകാര്‍ മുഖ്യമന്ത്രിയും, മന്ത്രി കെ.സി. ജോസഫും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം നടത്തിയത്.
തിരുവനന്തപുരത്തു നിന്നും വിമാന മാര്‍ഗ്ഗം കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി കാര്‍ മാര്‍ഗ്ഗം നാലു മണിയോടെ തലശ്ശേരിയിലെത്തി അന്തരിച്ച രാഘവന് മാസ്റ്ററുടെ വീടു സന്ദര്‍ശിച്ച ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. വാഹനവ്യൂഹം കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷന് കഴിഞ്ഞ് പോലീസ് തീര്‍ത്ത ബാരിക്കേഡിന് 100 വാര അകലെയെത്തിയപ്പോഴാണ് സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞത്. കല്ലേറില്‍ നെറ്റിയില്‍ പരിക്കേറ്റ മുഖ്യമന്ത്രിയുടെ നെഞ്ചിലും കല്ല് കൊണ്ടു. കാറിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്ലാസ്സുകള്‍ തകര്‍ന്നു. മന്ത്രി കെ.സി.ജോസഫിന്റെയും കൂടെയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖിന്റെയും ദേഹത്തും കല്ലുവീണെങ്കിലും പരിക്കില്ല. സംഘര്‍ഷത്തിനിടയില്‍ ഒരു എഎസ്ഐക്കും, സിഐക്കും പരിക്കേറ്റു. പരിക്കേറ്റ മുഖ്യമന്ത്രി അത്ലറ്റിക് മീറ്റിന്റെ സമാപന പരിപാടിയില്‍ സംബന്ധിച്ച് സമ്മാനദാനം നടത്തിയ ശേഷം മീറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രാഥമിക ചികിത്സ തേടി.
കണ്ണൂരില്‍ വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെ സിപിഎമ്മുകാര്‍ കരിങ്കൊടി കാണിക്കാനും ഉപരോധിക്കാനും ഉള്ള സാധ്യത കണക്കിലെടുത്ത് രാവിലെ മുതല്‍ നഗരത്തില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ പല റോഡുകളിലും ബാരിക്കേഡുകള്‍ തീര്‍ത്ത് വാഹനഗതാഗതം തടഞ്ഞിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച് പരിശോധിച്ചതിനു ശേഷമാണ് പരേഡ് ഗ്രൗണ്ടിലേക്ക് ആളുകളെ കടത്തി വിട്ടിരുന്നത്. എന്നാല്‍ ഉച്ചക്ക് മൂന്നു മണിയോടെ തന്നെ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ക്കും വിവിധ ഗേറ്റുകള്‍ക്കും മുന്നില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും തടിച്ചുകൂടി ഉപരോധം സൃഷ്ടിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അതേസമയം മുഖ്യമന്ത്രിക്കു നേരെ നടന്ന അക്രമത്തില്‍ എല്‍ഡിഎഫിന് യാതൊരു പങ്കുമില്ലെന്നും സംഭവത്തിന് പോലീസിന്റെ അനാസ്ഥയാണ് കാരണമെന്നും എല്‍ഡിഎഫ് ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: