ലാഹ്ലി: തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളായിരുന്ന രണ്ടുപേര്‍ ഇന്നലെ വീണ്ടും കളത്തില്‍ ഒരുമിച്ചുകണ്ടു. ഒന്നിച്ചുകളിച്ചിരുന്ന കാലത്ത് അവരില്‍ ഒരാള്‍ ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റുന്നവനായിരുന്നു. മറ്റേയാള്‍, തോറ്റെന്നു കരുതി ടെലിവിഷന്‍ സെറ്റുകള്‍ അണച്ച് ഉറങ്ങാന്‍പോയ നിങ്ങള്‍ക്ക് അപ്രതീക്ഷിത വിജയത്തിന്റെ സുപ്രഭാതങ്ങള്‍ സമ്മാനിച്ചവനും. ആ കളിക്കൂട്ടുകാര്‍ മറ്റാരുമല്ല സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറും ചുറുചുറുക്കിന്റെ പര്യായമായിരുന്ന അജയ് ജഡേജും. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ കുപ്പായത്തില്‍ അവസാന മത്സരത്തിന് ഇറങ്ങിയതാണ് സച്ചിന്. ജഡേജയാകട്ട കോഴവിവാദത്തിന്റെ കറകള്‍ കളഞ്ഞ് ഒരു വലിയ ഇടവേളയ്ക്കുശേഷം ഹരിയാനയെ നയിക്കാനെത്തിയതും. പക്ഷേ ഇരുവരും ആരാധകരെ നിരാശപ്പെടുത്തി.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുവ പേസ് ബൗളര്‍ മോഹിത് ശര്‍മയുടെ ലെങ്ങ്ത് ബോളിനെ സ്റ്റംപിലേക്ക് വലിച്ചിട്ട് വെറും അഞ്ച് റണ്‍സുമായി മടങ്ങി; ആദ്യ ഇന്നിങ്ങ്സില്‍ ജഡേജയുടെ ബാറ്റിങ് 14 റണ്‍സില്‍ അവസാനിച്ചു. എങ്കിലും കൂടുതല്‍ നിരാശ സച്ചിനുതന്നെ. കാരണം ഇതു ബാറ്റിങ് ജീനിയസിന്റെ അവസാന രഞ്ജി ട്രോഫി മത്സരമാണ്. വിന്‍ഡീസിനെതിരായ ടെസ്റ്റു പരമ്പരയ്ക്കു മുന്‍പായി ബാറ്റിങ് പരിശീലനത്തിനു ലഭിച്ച അവസരവും നഷ്ടപ്പെടുത്തിയതും സങ്കടമേറ്റി.
എങ്കിലും മെച്ചപ്പെട്ട പ്രകടനം മുംബൈ ടീമിന്റേതു തന്നെ. ആദ്യ ഇന്നിങ്ങ്സില്‍ ഹരിയാനയെ വെറും 134 റണ്‍സിന് എറിഞ്ഞിട്ട മുംബൈ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 100 എന്ന നിലയിലാണ്.
അജിന്‍ക്യ രഹാനെ (44), ധവാല്‍ കുല്‍ക്കര്‍ണി (1) എന്നിവര്‍ ക്രീസില്‍. അഭിഷേക് നായര്‍ മുംബൈക്കു വേണ്ടി നാലുവിക്കറ്റുകള്‍ വീഴ്ത്തി; മോഹിത് ഹരിയാനയ്ക്കുവേണ്ടി രണ്ടും. മറ്റൊരു മത്സരത്തില്‍ അസമിന കേരളം ആദ്യ ദിനം 5ന് 177 എന്ന നിലയില്‍ ഒതുക്കി നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: