ആലപ്പുഴ: പോര്‍മുഖത്ത് നിന്ന് വിഎസിനെ തുരത്താന്‍ ഉറച്ച് സിപിഎം. ഇതിന്റെ ഭാഗമായി വിപ്ലവ നായകന് എന്ന പരിവേഷം വി.എസ്.അച്യുതാനന്ദന് മേലില്‍ ചാര്‍ത്തി നല്‍കരുതെന്ന് കീഴ്ഘടകത്തിന് നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പില്‍ അബുരാജ് എഴുതിയ ‘കണ്മുന്നിലിപ്പോഴും ആ പോര്‍മുഖം’ എന്ന ലേഖനത്തില്‍ നിന്നും വി.എസ്.അച്യുതാനന്ദന്റെ പേര് ബോധപൂര്‍വം ഒഴിവാക്കിയത്.
പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് പുന്നപ്ര-വയലാര്‍ സമരത്തില്‍ വി.എസ്.അച്യുതാനന്ദന് യാതൊരു റോളും ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയത്. ഇനിമുതല്‍ പാര്‍ട്ടി പരിപാടികളില്‍ അനൗണ്‍സ്മെന്റ് ചെയ്യുമ്പോഴും വിഎസിനെ പരിചയപ്പെടുത്തുമ്പോഴും വിപ്ലവനായകനെന്ന വിശേഷപദം നല്‍കേണ്ടതില്ലെന്നുമാണ് നിര്‍ദേശം. ഇത് വാക്കാല്‍ ഏരിയ കമ്മറ്റികള്‍ വഴി കീഴ്ഘടകങ്ങള്‍ക്ക് കൈമാറി.
പാര്‍ട്ടി നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ഒറ്റയാനായി മുന്നേറുന്ന വിഎസിന് അടുത്തകാലത്ത് രാഷ്ട്രീയത്തിനതീതമായി ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വിപ്ലവപാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന് തന്നെ ഭീഷണിയായി മാറുകയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടുത്തകാലത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും അണികളുടെ സാന്നിധ്യം ശുഷ്ക്കമായിരുന്നു. എന്നാല്‍ അതേ സ്ഥലങ്ങളില്‍ വിഎസ് പങ്കെടുക്കുന്ന യോഗങ്ങളില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കുന്നു. ഇത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്.
വിഎസിനേക്കാള്‍ ഉന്നതനായ നേതാവ് പി.കെ.ചന്ദ്രാനന്ദനാണെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്. ചന്ദ്രാനന്ദനെ കൂടാതെ പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്കിയ സഖാക്കളില്‍ പ്രമുഖര്‍ കെ.സി.ജോര്‍ജ്, കെ.വി.പത്രോസ്, സി.കെ.കുമാരപണിക്കര്‍, പി.ടി.പുന്നൂസ്, ടി.വി.തോമസ് എന്നിവരായിരുന്നുവെന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. വി.എസ്.അച്യുതാനന്ദന്റെ പങ്കിനെക്കുറിച്ച് ലേഖനത്തിലൊരിടത്തും പരാമര്‍ശിക്കുന്നില്ല. ഒളിവ് ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും ചന്ദ്രാനന്ദനെ കുറിച്ചും, സി.കെ.വിശ്വനാഥനെയും, വര്‍ഗീസ് വൈദ്യന് തുടങ്ങിയവരെക്കുറിച്ചും മാത്രമാണ് പരാമര്‍ശമുള്ളത്.
ദേശാഭിമാനി ലേഖനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പുന്നപ്ര-വയലാര്‍ സമര സമയത്ത് പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് വിഎസ് ഒളി പ്രവര്‍ത്തനം നടത്തിയത്. കോട്ടയത്തും പൂഞ്ഞാറിലുമായിരുന്നു വിഎസിന്റെ തട്ടകം. ഇതിനിടെ കെ.വി.പത്രോസിന്റെ നിര്‍ദേശ പ്രകാരം സായുധ പരിശീലനം ലഭിച്ച സഖാക്കള്‍ക്ക് രാഷ്ട്രീയബോധം പകര്‍ന്നു നല്‍കാനായി വിഎസ് പുന്നപ്ര-വയലാര്‍ സമരമുഖത്ത് എത്തി. നിരവധി ക്യാമ്പുകള്‍ക്ക് വിഎസ് നേതൃത്വം കൊടുത്തതായും വിഎസ് വിഭാഗം പറയുന്നു. ഇത് ബോധപൂര്‍വം മറച്ചുവച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങള്‍ കൂടി ചേര്‍ന്നാണ് പാര്‍ട്ടി പത്രത്തെ ഈ നിലയിലെത്തിച്ചതെന്ന ഓര്മ ഉണ്ടായിരിക്കുന്നത് എല്ലാവര്ക്കും നല്ലതാണെന്നും ഇവര്‍ പറയുന്നു.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: