കൊച്ചി: മധ്യകേരളത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്ന് ജനകീയ കൂട്ടായ്മ. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ ഒത്തുകൂടിയ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് മധ്യകേരളത്തില്‍ എറണാകുളം കേന്ദ്രീകരിച്ച് കാന്‍സര്‍ സെന്റര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കൃഷ്ണയ്യര്‍ കാന്‍സറിനെ രാജ്യത്തുനിന്ന് നാടുകടത്തണമെന്ന് ആഹ്വാനംചെയ്തു. ആരോഗ്യത്തോടെ ജീവിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. അതിനായി ആശുപത്രികള്‍ സ്ഥാപിക്ക ണം, അദ്ദേഹം ആവശ്യപ്പെട്ടു.
കാന്‍സര്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും തിരുവനന്തപുരത്തും കോഴിക്കോട്ടും പോയി ചികിത്സിക്കാന്‍ കഴിയില്ല. അതുകൊണ്ട് എറണാകുളത്ത് ഒരു കാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്ന് ‘ജന്മഭൂമി’ എഡിറ്റര്‍ ലീലാമേനോന് ആവശ്യപ്പെട്ടു. നടന് ദിലീപ്, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.ആര്. വിശ്വംഭരന്, പ്രമുഖ യൂറോളജിസ്റ്റ് ഡോ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് 35 ഏക്കറോളം സ്ഥലം വെറുതെ കിടക്കുന്നുണ്ട്. ഇവിടെ കാന്‍സര്‍ സെന്റര്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ നേരത്തെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് കൃഷ്ണയ്യരുടെയും നടന് ദിലീപിന്റെയും പിറന്നാള്‍ ദിവസംതന്നെയായിരുന്നു ഒത്തുചേരല്‍ എന്നതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: