തൃശൂര്‍: കളങ്കിതരെയും അഴിമതിക്കാരെയും ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റിയിലുള്പ്പെടുത്തരുതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം കമ്മറ്റി പുനഃസംഘടിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്നും ഹിന്ദുമന്ത്രിമാര്‍ പിന്തിരിയണമെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റിയെ നിയമിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാനേജിംഗ് കമ്മറ്റി നിലവിലില്ല. ലോകപ്രശസ്തമായ ഈ ദേവാലയം നടത്തിപ്പ് അനാഥമായി കിടക്കാന്‍ കാരണം അധികാരത്തിനായി നടക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളും കുതികാല്‍വെട്ടും കിടമത്സരവുമാണ്. ഈ അനിശ്ചിതത്വത്തെ മുതലെടുത്തും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും അഴിമതിക്കാരായവര്‍ ദേവസ്വം ഭരണത്തിലേക്ക് കയറിപ്പറ്റാനുള്ള ശ്രമം ഊര്‍ജ്ജിതമാണ്, കുമ്മനം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രഭരണത്തില്‍ നാളിതുവരെ ഭരണം നടത്തിയിട്ടുള്ളവരെല്ലാം ആരോപണ വിധേയരാണ്. കഴിഞ്ഞ കമ്മറ്റിക്കെതിരെ വിജിലന്‍സ് അന്വേഷണവും ക്രമക്കേടുകള്‍ക്കെതിരെ കോടതി നടപടികളും നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ പൊതുജീവിതം നയിക്കുന്നവരെ മാത്രമേ ഗുരുവായൂര്‍ ദേവസ്വം കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കാവൂ.
സജീവരാഷ്ട്രീയത്തിലുള്ളവരും കളങ്കിതരുമായവരെ ഉള്‍പ്പെടുത്താനുള്ള ഏതു നീക്കവും അപലപിക്കപ്പെടേണ്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തെ ഇന്നത്തെ അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ ശക്തമായ നിലപാട് ഹിന്ദു മന്ത്രിമാര്‍ സ്വീകരിക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: