എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍ കേരളത്തെ ഗതികേടിലാക്കിയ പരിപാടികളും പദ്ധതികളും നിരവധിയാണ്. ഇടുക്കി പാക്കേജും കുട്ടനാട് പാക്കേജുമൊക്കെ കേള്‍ക്കാന്‍ ഇമ്പമുണ്ടായിരുന്നു. പുല്ലാങ്കുഴലിന്റെ പുല്ല് നഷ്ടപ്പെട്ട അവസ്ഥയിലാണ് അതൊക്കെ. കുട്ടനാട് പാക്കേജിന് ഈ വര്‍ഷം 175 കോടി മാറ്റിവച്ചതായാണ് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കിക്ക് വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ 765 കോടിയുടെ പദ്ധതി ആവിഷ്ക്കരിച്ചു. 396 കോടിയുടെ നീക്കിയിരിപ്പും നിരത്തി. ഇടുക്കിയിലിപ്പോള്‍ ചര്‍ച്ചാവിഷയം പാക്കേജല്ല ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ ‘വില്ലന്മാരാണ്’. ഇവരെ മലയിറക്കിയിട്ട് വേറെ കാര്യമെന്ന മട്ടിലാണ് സര്‍ക്കാരം നാട്ടുകാരും. മുല്ലപ്പെരിയാര്‍ ഇപ്പം പൊട്ടും ഇപ്പംപൊട്ടും എന്നാവര്ത്തിച്ചട്ടഹസിച്ചതെന്തിനായിരുന്നു എന്നാരും ഇന്ന് ചോദിക്കുന്നില്ല. പ്രഖ്യാപിതപദ്ധതികള്‍ നിരവധിയുണ്ട്. അതെല്ലാം മറന്നേക്കൂ എന്ന ഭാവത്തോടെ പ്രഖ്യാപിക്കാത്ത പദ്ധതിക്കായി നിയമവിരുദ്ധമായി പോലും നീങ്ങുകയാണ്. ആറന്മുള വിമാനത്താവളം അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ജനവികാരവും പാരിസ്ഥിതിക പ്രാധാന്യവുമെല്ലാം അവഗണിച്ച് ആറന്മുളയ്ക്ക് വിമാനം പറന്നിറങ്ങണമെന്ന നിര്‍ബന്ധം ആര്‍ക്കുവേണ്ടി എന്ന ചോദ്യം പ്രസക്തമാണ്.
പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള വാദവും പ്രതിവാദവും കേരളത്തില്‍ കേള്‍ക്കാനില്ല. ഇന്നലെവരെ കേരളം നിറഞ്ഞത് സരിതയായിരുന്നു. പുതിയ അവതാരം കവിത വന്നിരിക്കുന്നു. നേതാക്കളും മാധ്യമങ്ങളും ഇനി കവിതയിലായിരിക്കും ശ്രദ്ധവയ്ക്കുക. കവിത മടുക്കുമ്പോള്‍ ഒരു സവിതയോ സംഗീതയോ വന്നു കൂടായ്കയില്ല. ഈ വേളകളില്‍ മനസ്സു മടുക്കാതിരിക്കാന്‍ ജോര്ജ്ജുമാരുള്ളത് അനുഗ്രഹമായി. ചീമുട്ടയും കല്ലേറും തുണി ഉരിയലുമൊക്കെയായി ഛോട്ടാ രാഷ്ട്രീയക്കാരും രംഗം കൊഴുപ്പിക്കുന്നുണ്ട്. തെറി വിളിച്ചും ചീറിയടുത്തും സ്വന്തം പാര്‍ട്ടിക്കും ഘടകപാര്ട്ടികള്ക്കാകെയും തലവേദനയായ പി.സി. ജോര്‍ജ്ജ് ഇന്നത്തെ കേരളത്തിന് പറ്റിയ കഥാപാത്രം തന്നെയാണെന്ന് പറയാതിരുന്നുകൂടാ.
ജോര്‍ജ്ജ് തിങ്കളാഴ്ച ദല്‍ഹിയിലാണ്. ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ കക്ഷിചേരാനാണ് യാത്ര. ടി.ജി. നന്ദകുമാറെന്ന ദല്ലാളിനെ മറയാക്കി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ശരമെയ്യുകയാണ് ലക്ഷ്യം. ഇത്രയും മോശക്കാരനായ ആഭ്യന്തരമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നാണ് ഗവണ്മെന്റ് ചീഫ് വിപ്പ് തന്നെ വിലയിരുത്തിയിട്ടുള്ളത്. മന്ത്രിയുടെ പദവിയും നേടി പത്തുമുപ്പത് സ്റ്റാഫിനെയും തീറ്റിപ്പോറ്റി സര്‍ക്കാരിനെ പുലഭ്യം പറയാന്‍ ഇങ്ങനെയൊരു ചീഫ്വിപ്പ് വേണോ എന്നാണ് കേരളകോണ്‍ഗ്രസ്സിന്റെ സ്ഥാപകനായ കെ.എം. ജോര്‍ജ്ജിന്റെ പുത്രന് ഫ്രാന്‍സിസ് ചോദിക്കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ ഏത് അണ്ടനും അടകോടനും കയറിയിരിക്കാമെന്ന് കണ്ടെത്തിയ പി.സി. ജോര്‍ജ്ജിന്റെ മറ്റൊരു നിരീക്ഷണം “100 രൂപ പിരിച്ചാല്‍ 80 രൂപയും പോക്കറ്റിലാക്കുന്നവനാണ് കോണ്ഗ്രസ്സുകാരന്” എന്നാണ്. ജോര്‍ജ്ജിന്റെ വിമര്‍ശനം സഹിക്കുന്നത് വെറും അണ്ടനും അടകോടന്മാരും മാത്രമല്ല. “ഉമ്മന്‍ ചാണ്ടിയോളം ഗ്രൂപ്പുകളി അസ്ഥിക്ക് പിടിച്ച മറ്റൊരു നേതാവി”ല്ലെന്ന് കണ്ടെത്തിയതും പി.സി. ജോര്‍ജ്ജു തന്നെ. കെ.ബി. ഗണേഷ്കുമാര് പാപിയായ അപഥസഞ്ചാരിയെങ്കില് ഷിബുബേബിജോ ണ് അമൂല്‍ ബേബിയാണ് ജോര്‍ജ്ജിന്റെ ദൃഷ്ടിയില്. ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും വിലയിരുത്തിയത് ചീഫ്വിപ്പുതന്നെയാണ്. ഗൗരിയമ്മയ്ക്ക് പ്രായമേറിപ്പോയതാണ് ജോര്‍ജ്ജ് കണ്ടെത്തിയ പോരായ്മയും.
മുന്നണി രാഷ്ട്രീയവും ഭരണവുമെല്ലാം കക്കാനും പെണ്ണും പിടിക്കാനുമുള്ള ലൈസന്‍സല്ലെന്ന് ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കാത്തത് ജോര്‍ജ്ജിന്റെ ഭാഗത്ത് അല്പം ശരിയുള്ളതുകൊണ്ടല്ലേ എന്ന സംശയമാണ് ജനങ്ങളിലുണ്ടാക്കുന്നത്. പ്രതിപക്ഷത്തിന്റെ ആയുധങ്ങളാണ് ചീഫ് വിപ്പ് എടുത്ത് പ്രയോഗിക്കുന്നത്. ‘അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ല’ എന്നതുപോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. അവര്‍ക്കിടയിലെ വഴക്കും വക്കാണവും അതിരൂക്ഷമായി തുടരുകയും ചെയ്യുന്നു. ‘നാറിയ ഭരണവും നനഞ്ഞ പ്രതിപക്ഷവും’ എന്നാരെങ്കിലും വിലയിരുത്തിയാല്‍ അതു തന്നെയാണ് ശരി. അതുമാത്രം.
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ഏറ്റവും ഒടുവില്‍ ബജറ്റവതരിപ്പിച്ച ധനമന്ത്രി ഏഴുമാസം പിന്നിടുമ്പോള്‍ തീര്‍ത്തം നിരാശനായി തീര്‍ന്നു. കാരുണ്യ പദ്ധതിയിലൂടെ നല്കാന് കഴിഞ്ഞ ചികിത്സാ സഹായം മാത്രമാണദ്ദേഹത്തിന്റെ പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ പ്രശംസ ലഭിച്ചത് ഈ പദ്ധതിയിലൂടെയാണല്ലൊ. നാളെയുടെ പിടിവള്ളിയായി ആ പ്രശംസ മാറിയാലും അദ്ഭുതപ്പെടാനില്ല.
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പുതിയ കേരളം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാന്‍ ആഹ്വാനം ചെയ്ത കെ.എം. മാണിയുടെ പാര്‍ട്ടി ഇന്ന് അന്‍പതിന്റെ നിറവിലാണ്. ഇംഗ്ലീഷ് അക്ഷരമാലയില്‍ അന്‍പത് എണ്ണമില്ലല്ലോ എന്നൊരു സങ്കടം ഈ ആഘോഷവേളയിലുണ്ട്. പാര്‍ട്ടി വളര്‍ന്നു എന്നതിന്റെ സൂചനകളാണ് സുവര്‍ണ ജൂബിയിലില് വന്നു കഴിഞ്ഞത്. വളര്‍ന്നാല്‍ ആ പാര്‍ട്ടിയില്‍ ഉറപ്പുള്ള കാര്യമുണ്ട്. അതാണ് പിളര്‍പ്പ്. “വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി”യാണ് കേരള കോണ്‍ഗ്രസ് എന്ന് വിശകലനം നടത്തിയതും മാണിയാണല്ലോ. അതെപ്പോള്‍, നവംബര്‍ നാലിനോ അതിനുശേഷമോ എന്നേ ഇനി കാണാനുള്ളൂ.
കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഇടശ്ശേരിയുടെ ‘വികസിക്കുക’ എന്നകവിത ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി കഴിഞ്ഞ ബജറ്റവതരണം ഉപസംഹരിച്ചത്. “നമ്മുടെ കഴിവുകള്‍ വെട്ടി നിരത്താനും കൊത്തി നുറുക്കാനമല്ല, പുതിയ സൃഷ്ടിക്കുവേണ്ടിയാണ് വിനിയോഗിക്കേണ്ടത്” എന്നാണ് ഇടശ്ശേരി ആഹ്വാനം ചെയ്തിരിക്കുന്നത്. മാണിക്ക് കവിത മനസ്സിലാക്കാനായി. പക്ഷേ മുന്നണിയെയും അതിലെ ഘടകങ്ങളെയും എന്തിന് സ്വന്തം കക്ഷിക്കാരെപോലും അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ബോധ്യപ്പെട്ടിട്ടും പൊട്ടന്‍കളി തുടരുന്നു. ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്. കേരളമനുഭവിക്കുന്നതും അതുതന്നെ. കടംവാങ്ങിചെലവാക്കുന്ന കേരളം അതിവേഗം പുരോഗമിക്കുമെന്നത് ദിവാസ്വപ്നമാണ്. അതിവേഗം കുതിക്കുന്നത് ഗതികേടിലാണ്. അത് മാറണം മാറ്റണം. അല്ലെങ്കില്‍ കേരളം ആയിത്തീരുന്നത് മേറ്റ്ന്തോ ആണ്. കേരളം വികസിപ്പിക്കാന്‍ ബഹുദൂരം മുന്നേറണം. ഇന്ത്യസമ്പൂര്ണവികസനം കൊതിക്കുന്നു. കേരളത്തെ ഒഴിച്ചുനിര്‍ത്തി അതുസാധ്യമല്ല. രാഷ്ട്രീയനേതൃത്വം അത് മാറ്റിവച്ചാലും ജനങ്ങളത് വിസ്മരിച്ചുകൂടാ.
(അവസാനിച്ചു)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: