കൊച്ചി: ദേശീയ സുരക്ഷക്ക് വന്‍ഭീഷണി ഉയര്‍ത്തിക്കൊണ്ട് കേരളത്തിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സഹോദര സംഘടനകളും ചേര്‍ന്ന് രാഷ്ട്രീയസംഘടന രൂപീകരിക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ തടയണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം. ഭാരതത്തിലെമ്പാടും പ്രത്യേകിച്ച് ദക്ഷിണ സംസ്ഥാനങ്ങളില്‍ പെരുകിവരുന്ന ജിഹാദി ഭീകരവാദത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് ഉത്കണ്ഠ രേഖപ്പെടുത്തി.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐ പോലുള്ള അനുബന്ധ സംഘടനകളും അക്രമത്തിന്റെ പാതയിലാണെന്നും ദേശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ കായികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതായും സഹസര്‍കാര്യവാഹ് ദത്താത്രയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്ക് തന്നെയാണ് ഇവര്‍ ഭീഷണി ഉയര്‍ത്തുന്നത്. കേരളത്തെ ഭീകരപരിശീലന കേന്ദ്രമാക്കിയിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും മറ്റും വളരെ ഗുരുതരവും അപകടകരവുമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സമാദരണീയനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരനെ വരെ വധിക്കാന്‍ ശ്രമം നടന്നു. ഇത്തരം സംഘടനകളെ പ്രീതിപ്പെടുത്തുന്ന നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം. ദക്ഷിണഭാരതത്തില്‍ പെരുകുന്ന ജിഹാദി ഭീകരവാദത്തെക്കുറിച്ച് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം വിശദീകരിച്ചുകൊണ്ട് ഹൊസബാളെ പറഞ്ഞു.
ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനിയുടെ കുടുംബാഘോഷങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതും മാറാട് കേസന്വേഷണം സിബിഐക്ക് കെമാറാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിക്കുന്നതുമെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
ദക്ഷിണഭാരതത്തിലെ ഹിന്ദു ആരാധനാകേന്ദ്രങ്ങളായ തിരുപ്പതി, മധുര, ശബരിമല തുടങ്ങിയ പല സ്ഥലങ്ങളും ഈ ഭീകരവാദ സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാര്യകാരി മണ്ഡല് ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കാര്യകാരി മണ്ഡല് അവതരിപ്പിച്ച രണ്ടാമത്തെ പ്രമേയം ആവശ്യപ്പെട്ടു. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഇന്തോ-പാക് അതിര്‍ത്തിയിലെയും നിയന്ത്രണരേഖയിലെയും ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ പാക് സേനയുടെ നിരന്തരമായ ആക്രമണങ്ങളില്‍ ജീവനുതന്നെ ഭീഷണിയുമായി കഴിയുകയാണ്. പലയിടങ്ങളിലും ജനങ്ങള്‍ വര്‍ഷങ്ങളോളം ക്യാമ്പുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കയാണ്. ചൈന നടത്തുന്ന കയ്യേറ്റങ്ങള്‍ ഗ്രാമീണരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. നേപ്പാള്‍, മ്യാന്മാര്, ബംഗ്ലാദേശ് അതിര്‍ത്തികള്‍ അനധികൃത വ്യാപാരത്തിന്റെയും വ്യാജ കറന്‍സി, ആയുധകടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. എട്ട് രാജ്യങ്ങളുമായി ഭാരതം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതില്‍ പല രാജ്യങ്ങളുമായും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ദുഃഖകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തി സുരക്ഷ സര്‍ക്കാരിന്റെയും സായുധസേനകളുടെയും മാത്രം ബാധ്യതയല്ലെന്നും രാജ്യസ്നേഹമുള്ള പൗരന്മാരും അതിര്‍ത്തി കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അഖിലഭാരതീയ കാര്യകാരി മണ്ഡല് യോഗം നിര്‍ദ്ദേശിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാറും സന്നിഹിതനായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: