തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ മുന്‍ഗുജറാത്ത് ഡിജിപിയും കേന്ദ്ര ഐബി ഉദ്യോഗസ്ഥനുമായിരുന്ന ആര്.ബി.ശ്രീകുമാറിന്റെ പങ്കില്‍ ദുരൂഹത. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനെ അട്ടിമറിക്കാന്‍ അമേരിക്കയുമായി ചേര്‍ന്നു ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസെന്ന നിഗമനത്തിലേക്കാണ് നിഗമനങ്ങളും വസ്തുതകളും വിരല്‍ ചൂണ്ടുന്നത്. 300 കോടി ബില്യന്‍ ഡോളര്‍ ഇടപാട് നടക്കുന്ന അനന്തസാധ്യതയുള്ള ഈ മേഖലയിലേക്ക് ഇന്ത്യ കടന്നു ചെല്ലാന്‍ 1990കളിലാരംഭിച്ച ശ്രമത്തെയാണ് ഐഎസ്ആര്‍ഒ ചാരക്കേസ് വഴി തകര്‍ത്തത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് കേന്ദ്ര ഐബിക്കുള്ള പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം അഡ്വ.പിഎസ്.ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. ഇന്‍ഡിജിനസ് ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് ഇപ്പോഴും സ്വായത്തമാക്കാനായിട്ടില്ലെന്ന സത്യം ഐഎസ്ആര്‍ഒയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തവുമാണ്.
ചാരക്കേസില്‍ അറസ്റ്റിലായ പ്രതികളെ കൈകാര്യം ചെയ്തതില്‍ അന്നത്തെ കേന്ദ്ര ഐബി നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഐബി ടീമിലെ സൂപ്പര്‍വൈസറി അംഗമായിരുന്നത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ആര്.ബി.ശ്രീകുമാറാണ്. പ്രതികളെ പീഡിപ്പിച്ചതുള്‍പ്പടെ നിരവധി കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ 1999 മുതല്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും 2004 ഡിസംബറില്‍ അച്ചടക്ക നടപടികളുടെ ഭാഗമായി അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച നടപടികള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. അക്കാലത്ത് കേന്ദ്ര ഐബിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന രത്തന്സിഗാളിനെ അമേരിക്കക്ക് ഇന്ത്യയുടെ ആണവപരിപാടികള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ പുറത്താക്കിയിരുന്നു.
ഐഎസ്ആര്‍ഒ, റഷ്യന്‍ സഹായത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കി മുന്നോട്ടുപോകാനുള്ള ശ്രമത്തെ അമേരിക്ക 1992 ല്‍ തടഞ്ഞ കാര്യം 1993ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ്. എന്നാല്‍ പ്രസ്തുത സംരംഭം റഷ്യയുമായി ചേര്‍ന്ന് വീണ്ടും മുന്നോട്ടുപോകുന്ന അവസരത്തിലാണ് ചാരക്കേസ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടെ ശാസ്ത്രലോകത്തെ പരിശ്രമങ്ങളെല്ലാം കീഴ്മേല്‍മറിഞ്ഞു. ഇന്ത്യയുടെ ക്രയോജനിക് സ്വപ്നത്തെ തകര്‍ത്തത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണെന്നും അതിന് ചാരക്കേസ് മറയാക്കുകയായിരുന്നുവെന്നും തുടര്‍ന്നു പുറത്തുവന്ന വിവരങ്ങളിലൂടെ വെളിവായിട്ടുണ്ട്. പ്രശസ്ത പത്രപ്രവര്ത്തകന് ബിരന്ഹാര്വിയുടെ ‘റഷ്യ ഇന്‍സ്പേസ്’ എന്ന പുസ്തകത്തിലെ വിവരങ്ങളും ഹിന്ദുദിനപ്പത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും അമേരിക്കക്ക് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജ്യതാല്പര്യം കണക്കിലെടുത്ത് ചാരക്കേസിലെ ഗൂഢാലോചനയും അതില്‍ ആര്.ബി.ശ്രീകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര ഐബിയുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്.
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ വന്നശേഷമാണ് ആര്.ബി.ശ്രീകുമാറിന്റെ പേരില്‍ ചാരക്കേസില്‍ പ്രതികളെ പീഡിപ്പിച്ച തടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ ആരംഭിച്ച അന്വേഷണവും നടപടികളും ഇല്ലാതായത്. ഇതിനുപിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതു സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കേണ്ടതാണ്.
ഈ സാഹചര്യത്തില്‍ ചാരക്കേസിന്റെ കാര്യത്തില്‍ കേന്ദ്ര ഐബിയുടെ പങ്കും മേല്‍നടപടികളും വിശദീകരിച്ച് ധവളപത്രം ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: