അമ്പലപ്പുഴ: നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന കാറും തടിലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും കൊച്ചുമകനും മരിച്ചു. കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് തറായില്‍ റിട്ട. അധ്യാപകന് പ്രഭാകരന് (70), ഇദ്ദേഹത്തിന്റെ മകന് ദിലീപ്കുമാര് (38), മകളുടെ മകന് അപ്പു (നവനീത്-12) എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ തോട്ടപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. അപ്പുവിന്റെ അച്ഛനും പ്രഭാകരന് നായരുടെ മരുമകനുമായ ദിനേശനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന ദിനേശ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. കൊല്ലത്തു നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറിയും കാറുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. പ്രഭാകരന് നായരും അപ്പുവും സംഭവ സ്ഥലത്തും, ദിലീപ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിങ് വീല്‍ നെഞ്ചിലമര്‍ന്ന ദിലീപിനെ നാട്ടുകാരും അമ്പലപ്പുഴ പോലീസും ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരിച്ചു.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കായംകുളം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട് വീട്ടുവളപ്പില്‍. ചന്ദ്രികക്കുഞ്ഞമ്മയാണ് പ്രഭാകരന്‍നായരുടെ ഭാര്യ. ദിലീപ്കുമാറിന്റെ ഭാര്യ: രഞ്ജു. മക്കള്‍: ദിയ, ദേവി. മാത്തേരിഭാഗത്തെ വളവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: