കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി എ.പി ഷൗക്കത്തലിയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വീണ്ടും വിചാരണക്കോടതിയില്‍ ഹര്‍ജി നല്കി.
നേരത്തെ ഈ ആവശ്യം വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍, ഫോണ്‍ രേഖകള്‍ ലഭിക്കാന്‍ പ്രതിഭാഗത്തിന് മറ്റു വഴികള്‍ തേടാമെന്ന ഹൈക്കോടതി വിധിന്യായത്തിലെ പരാമര്‍ശത്തിന്റെ ബലത്തിലാണ് പ്രതിഭാഗം വിചാരണക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. തലശ്ശേരി ഡിവൈഎസ്പിയുടെ ഓഫീസിലോ ഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിലോ ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുമെന്നും അത് അവിടെ നിന്ന് ഹാജരാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണപ്പിഷാരടി മുമ്പാകെ ഹര്‍ജി നല്‍കിയത്. കേസിലെ 31-ാം പ്രതി ലംബു പ്രദീപനുവേണ്ടി അഡ്വ. വിനോദ്കുമാര്‍ ചമ്പോളന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടാത്തതിനാല്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനും പ്രോസിക്യൂഷന്റെ നിലപാട് അറിയുന്നതിനുമായി കേസ് നാളെത്തേക്ക് മാറ്റി. ഡിവൈഎസ്പിയുടെ മൊബെയില്‍ ഫോണ്‍ വിശദാംശങ്ങള്‍ അറിയുന്നതിനായി ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് മുമ്പുള്ള രേഖകള്‍ സൂക്ഷിക്കാറില്ലെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനെതുടര്‍ന്ന് രേഖകള്‍ നല്‍കാനാവില്ലെന്ന വിധത്തില്‍ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ രേഖകള്‍ കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിന് ഹൈക്കോടതി വിലക്ക് ഉണ്ടായിരുന്നില്ല. അതനുസരിച്ചാണ് പ്രതിഭാഗം പുതിയ ഹര്‍ജി നല്‍കിയത്. ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായി കേസ് നടപടികള്‍ രണ്ടാഴ്ച നിര്‍ത്തിവെച്ചിരുന്നു. അതിനുശേഷം ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് പുതിയ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: