തിരുവനന്തപുരം: പാമ്പുകളുടെ തോഴനും പാമ്പുപിടുത്ത വിദഗ്ധനുമായ വാവ സുരേഷിന്റെ ജീവിതം രാജ്യാന്തര ശ്രദ്ധയിലേക്ക്. പ്രമുഖ ചാനലായ അനിമല്‍ പ്ലാനറ്റാണ് സുരേഷിന്റെ ജീവിതം പകര്‍ത്തുന്നത്. സ്റ്റീവ് ഇര്‍വിനെയും ബേര്‍ ഗ്രെയ്സിനെയും കണ്ട് വിസ്മയിച്ച പാശ്ചത്യലോകം ഇനി വാവ സുരേഷിന്റെ സാഹസിക ജീവിതവും കാണും. പാമ്പുകള്‍ക്കൊപ്പമുള്ള സുരേഷിന്റെ ജീവിതം ക്യാമറയില്‍ പകര്‍ത്താന്‍ അനിമല്‍ പ്ലാനറ്റില്‍ നിന്നുള്ള സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി.
പാമ്പുപിടുത്തത്തിനായുള്ള സുരേഷിന്റെ യാത്രകള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. ഒരാഴ്ച വാവ സുരേഷിനെ പിന്തുടര്‍ന്നാകും ജീവിതം പകര്‍ത്തുക. ശാസ്ത്രീയമായ യാതൊരു പരിശീലനവും സിദ്ധിക്കാതെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന സുരേഷിന്റെ രീതിയാണ് അനിമല്‍ പ്ലാനറ്റ് അധികൃതരെ വിസ്മയിപ്പിച്ചത്. സഹായമഭ്യര്‍ഥിച്ച് ഫോണിലെത്തുന്ന വിളികള്‍ പിന്തുടരുന്ന വാവ സുരേഷ് പലയിടത്തും ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി മാറിയിട്ടുണ്ട്. അനിമല്‍ പ്ലാനറ്റില്‍ ഇടം പിടിക്കുന്നതോടെ വാവ സുരേഷിന്റെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിക്കും.
നിരവധി മൃഗസ്നേഹികളെയും അവരുടെ സാഹസികതയും ലോകത്തിന് മുന്നിലെത്തിച്ച ടെലിവിഷന്‍ ചാനലാണ് അനിമല്‍ പ്ലാനറ്റ്. രണ്ടു ദശാബ്ദത്തിനുളളില്‍ ഏകദേശം 30,000 പാമ്പുകളെ വാവ സുരേഷ് പിടികൂടിയതായാണ് കണക്കുകള്‍. രാജവെമ്പാല ഉള്‍പ്പടെ ഉഗ്രവിഷമുള്ള പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പല തവണ പാമ്പുകടിയേറ്റിട്ടുള്ള വാവ സുരേഷ് അടുത്തിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് സുരേഷിന്റെ ഒരു കൈവിരല്‍ മുറിച്ചുകളയുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും വാവ സുരേഷ് പോകുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തെ നിര്‍ധന കുടുംബത്തിലാണ് വാവ സുരേഷ് ജനിച്ചത്. കുട്ടിയായിരിക്കെ മുതല്‍ പാമ്പുകളോട് പ്രത്യേക താത്പര്യം തോന്നിയ സുരേഷ് 12-ാം വയസില്‍ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ സ്വഭാവംപഠിക്കലായിരുന്നു ലക്ഷ്യം. പാമ്പുപിടുത്തത്തിലെ വൈദഗ്ധ്യം മുന്‍നിര്‍ത്തി സുരേഷിന് ജോലി നല്‍കാമെന്ന് വനംവകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
തിരക്കുകള്‍ കൂടുകയാണെങ്കിലും സഹായത്തിന് ആരു വിളിച്ചാലും സുരേഷ് തന്റെ സ്കൂട്ടറില്‍ അവിടേക്ക് യാത്രയാകും. പിടികൂടിയ പമ്പുകളെ കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സുരേഷിന്റെ രീതി. ഇതിനിടെ രണ്ട് മലയാള ചിത്രത്തില്‍ കൂടി സുരേഷ് അഭിനയിക്കുന്നുണ്ട്. കരിമൂര്ഖന്, അണലി, ശംഖുവരയന്‍, രാജവെമ്പാല എന്നീ ഉഗ്രവിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പെരുമ്പാമ്പ്, ബ്രൗണ്‍ റിങ്ങ് ഇനങ്ങളിലുള്ള പാമ്പുകളെയുമാണ് വാവാ സുരേഷ് പിടികൂടിയിട്ടുള്ളത്. 17 രാജവെമ്പാലകളെ വിവിധ ജില്ലകളില്‍ നിന്നായി വാവാ സുരേഷ് പിടികൂടിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: