തിരുവനന്തപുരം: നടന് മുകേഷ് മേതില്ദേവികയെ വിവാഹം കഴിച്ചതിനെതിരെ മുന്‍ഭാര്യയും നടിയുമായ സരിത രംഗത്ത്. മകന് ശ്രാവണ്‍ മുകേഷിന്റെ മെഡിസിന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു സരിതയിപ്പോള്‍ ദുബായിലാണ്. അവിടെയിരുന്നാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വളരെ ഹൃദയവേദനയോടെയും ഞെട്ടലോടെയുമാണു എഴുതുന്നതെന്നാണു പ്രസ്താവനയുടെ തുടക്കം.
1988 സപ്തംബര്‍ രണ്ടിനാണു മുകേഷും സരിതയുമായുള്ള വിവാഹം നടന്നത്. എന്നാല്‍ താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്പെടുത്താതെയാണു പുതിയ വിവാഹം കഴിച്ചതെന്നു സരിത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒരു വക്കീല്‍നോട്ടീസ് പോലും അയച്ചിട്ടില്ല. വിവാഹശേഷം ചലച്ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കാന്‍ മുകേഷ് തന്നെ അനുവദിച്ചിരുന്നില്ല. അതുമാത്രമല്ല മാനസികമായും ശാരീരികമായും വളരെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സരിത പ്രസ്താവനയില്‍ പറയുന്നു. മക്കളായ ശ്രാവണ്‍ മുകേഷിനും തേജസ് മുകേഷിനും ഇതുകാരണം ഒട്ടേറെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ 2007ല്‍ വിവാഹമോചനത്തിനായി ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ചെന്നൈയില്‍ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുകേഷും വിവാഹമോചനത്തിനു തയാറാവുകയും അക്കാര്യം തന്നോട് ആവശ്യപ്പെടുകയും ചെയ്തതായി സരിത പറയുന്നു. മക്കള്‍ക്കും തനിക്കും നേരിടേണ്ടി വന്ന പീഡനങ്ങള്‍ കാരണം യാതൊരു അവകാശവാദവും ഇല്ലാതെ താനതു സമ്മതിക്കുകയും ചെയ്തു. 2009ല്‍ തങ്ങള്‍ രണ്ടുപേരും ചേര്‍ന്നു വിവാഹമോചനത്തിനായി ചെന്നൈ കുടുംബകോടതിയില്‍ പുതിയൊരു അപേക്ഷ കൊടുത്തു. മാത്രമല്ല എല്ലാ അവധിക്കും വിദേശത്തായിരുന്നിട്ടുപോലും താന്‍ എത്തി മടങ്ങിപ്പോവുകയാണു പതിവ്. ഇതൊരു തുടര്‍ക്കഥയായപ്പോള്‍ ഗത്യന്തരമില്ലാതെ 2010ല്‍ ഈ കേസില്‍നിന്നും പിന്മാറിയെന്നും സരിത പ്രസ്താവനയില്‍ പറയുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ താനില്ലാത്ത സമയം നോക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ്. അതും നിയമപരമായി താനുമായുള്ള വിവാഹബന്ധം വേര്പെടുത്താതെയാണെന്നും സരിത പറയുന്നു. അതിനാല്‍ മുകേഷിനെതിരെ സിവിലായും ക്രിമിനലായും കേസ് കൊടുക്കാന്‍ തീരുമാനിച്ചതായും സരിത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: