ഗ്രീന്‍ ഹൗസുകളെ കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ പ്രതീക്ഷ വലുതായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ 45 കോടി നീക്കിവച്ചതായി നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കരഘോഷം മുഴക്കിയത് ഹരിത എംഎല്‍എ മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ മാത്രമായിരുന്നില്ല. മാധ്യമങ്ങളൊക്കെ അതിനെ വാഴ്ത്തിപ്പാടുകയും ചെയ്തു. അത്രയും ആകര്‍ഷണീയമായിരുന്നു ഒറ്റനോട്ടത്തില്‍ പദ്ധതി.
ഗ്രീന്‍ ഹൗസിലെ ചെടികളുടെ ഉത്പാദനക്ഷമത തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച് മൂന്നുമുതല്‍ പത്തിരട്ടിവരെയാണ്. കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ പച്ചക്കറികള്‍പോലും ഏതുസമയവും സൂഷ്മകൃഷിയിലൂടെ ഗ്രീന്ഹൗസുകളിലൂടെ ഉത്പാദിപ്പിച്ചെടുക്കുകയും മുന്തിയ വില ലഭ്യമാക്കുകയും ചെയ്യാമെന്നായിരുന്നു വാഗ്ദാനം. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും പ്രതീക്ഷിച്ചു. ഗ്രീന്‍ഹൗസ് ആകര്‍ഷകമായ സഹായപദ്ധതികളും വാഗ്ദാനം ചെയ്തതാണ്. ഓരോ പഞ്ചായത്തിലുമുള്ള സഹകരണ ബാങ്കുകള്‍ക്കോ കര്ഷകസംഘങ്ങള്ക്കോ കര്‍ഷകര്‍ക്കോ 10 സെന്റ് തുറസ്സായ സ്ഥലത്ത് 4.5 ലക്ഷംരൂപ മുതല്‍മുടക്കില്‍ ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കാവുന്നതാണ്. ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സാങ്കേതികപരിശീലനം ഓരോ ജില്ലയിലെയും ജില്ലാ കൃഷി ആഫീസര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദസമിതിയെ നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. അതിനെകുറിച്ചൊന്നും പിന്നെ പറഞ്ഞുകേള്‍ക്കുന്നില്ല. ഗ്രീന്‍ഹൗസ് കൃഷിയുടെ 75 ശതമാനം തുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് വ്യവസ്ഥ. ബാക്കി 25 ശതമാനം ഗുണഭോക്താവിന്റെ വിഹിതമോ ബാങ്കുവായ്പയോ സ്വരൂപിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ പഞ്ചായത്തിലും മൂന്നുവീതം ഗ്രീന്ഹൗസുകളെന്ന സ്വപ്നം എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്ന് നിശ്ചയവുമില്ല. നിശ്ചിതസമയത്ത് ഇത് പ്രാവര്‍ത്തികമാക്കി യിരുന്നെങ്കില്‍ കേരളീയര്‍ക്ക് തക്കാളി നാല്‍പ്പതും അമ്പതും രൂപ നല്കി വാങ്ങേണ്ടിവരുമോ? മറ്റ് പച്ചക്കറികള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുമായിരുന്നില്ലെ? കാര്‍ഷിക മേഖലയിലും അതിവേഗ നടപടികള്‍ കാണാനേയില്ല. പച്ചക്കറികൃഷി മാത്രമല്ല നെല്‍കൃഷിയും നാണ്യവിളകളുമെല്ലാം കേരളത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. 2010-11ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20,828 ഹെക്ടര്‍ നെല്‍കൃഷി കുറഞ്ഞു. 2011-12ല്‍ അത് പിന്നെയും 5027 ഹെക്ടറിന്റെ കുറവാണ് പ്രകടിപ്പിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കൃഷിയുടെ പങ്ക് കുറയുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ പങ്ക് ദയനീയമായി താഴുന്നതിലാണ് ആശങ്ക. ആഭ്യന്തരഉത്പാദനത്തില്‍ പഞ്ചാബ് 20 ശതമാനവും ബീഹാര്‍ 15.9 ും ഉത്തര്‍പ്രദേശ് 20.3 ശതമാനവുമെല്ലാമാണെങ്കില് കേരളത്തിലത് 7.7 മാത്രമാണ്.
ഗുജറാത്തില്‍ പറയുന്ന വികസനമൊന്നുമില്ല, കൃഷിയിലും മെച്ചമല്ലെന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ അവിടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ പഠിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. പഠിക്കാന്‍ മനസ്സുകാണിക്കുന്നവരെ വിലക്കുന്ന മാനസികാവസ്ഥപ്രകടിപ്പിക്കുന്ന കേരളത്തിലെ ഒരുവിഭാഗമാളുകളെ കുറിച്ചെന്തുപറയാന്‍ !
ദേശീയ കാര്‍ഷിക വളര്‍ച്ചാനിരക്ക് വെറും മൂന്നുശതമാനമാണെങ്കില് ഗുജറാത്തില്‍ അത് ആറുശതമാനത്തിന് മുകളിലാണ്. മൊത്തം വിളഭൂമിയുടെ പതിനാല് ശതമാനം ഇവിടെ ഉപയോഗശൂന്യമാണെന്നും കൂടി മനസ്സിലാക്കേണ്ടതാണ്. ബീഹാറിലും മഹാരാഷ്ട്രയിലും ഉപയോഗശൂന്യമായ ഭൂമി 0.6 ശതമാനം മാത്രമാണെന്നോര്‍ക്കണം.
ഗുജറാത്തില്‍ പ്രതിമാസ കാര്‍ഷികമേളകള്‍ സംഘടിപ്പിക്കുന്നു. കൃഷിക്കാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കി പരിഹാരം കാണുന്നു. കൃഷി ആഫീസര്‍മാര്‍ അതില്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്കുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ കാണാനാകില്ല. നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ 108 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നതെങ്കില്‍ ഇന്നത് 145 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഒരുകാലത്ത് കാര്‍ഷിക സമരങ്ങളുടെ സംസ്ഥാനമായിരുന്നു ഗുജറാത്ത്. ഇന്ന് കര്‍ഷകര്‍ സംതൃപ്തരാണ്. കൃഷി അനായാസവും ആദായകരവുമാണ്.
ജലസേചനം സാര്‍വത്രികമാക്കി. ഇതിനുള്ള വൈദ്യുതി ലഭ്യത സൗജന്യവും ഉദാരവുമാക്കി. ഗുജറാത്തില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡില്ലാത്ത കര്‍ഷകരില്ല.ശീതീകരിച്ച മുറികളിലോ ഫാനിന്റെ കീഴിലോ ഇരുന്ന് ടെലഫോണിലൂടെ ഉത്തരവിറക്കി ഉത്തരവാദിത്വം നിറവേറ്റി എന്ന് നടിക്കുന്ന കാര്‍ഷിക ഉദ്യോഗസ്ഥരല്ല ഇപ്പോള്‍ ഗുജറാത്തിലുള്ളത്. കൃഷിയില്‍ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ കാര്‍ഷിക വകുപ്പില്‍ കുടിയിരുത്തേണ്ട അവസ്ഥയും കേരളത്തെപോലെ അവിടെയില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുകൂല നിലപാട് തീരെ ഇല്ലാതിരുന്നിട്ടും ഗുജറാത്തിലെ കാര്‍ഷികമേഖല പുഷ്ടിപ്പെടുന്നുണ്ടെങ്കില് ആത്മാര്‍ഥതയോടെ പ്രയത്നിക്കുന്ന ജീവനക്കാരും കര്ഷകരുമുള്ളതു കൊണ്ടാണ്. രാജ്യത്തിന്റെ മൊത്തം പരുത്തി ഉത്പാദനത്തില്‍ 33 ശതമാനം ഗുജറാത്തിലാണ്. എന്നാല്‍ മൂന്നുശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇവിടെനിന്നും സംഭരിക്കുന്നത്. വിലയിടിവും കയറ്റുമതി നിയന്ത്രണവുമെല്ലാം അതിജീവിച്ച് കര്‍ഷകര്‍ക്ക് കഷ്ടതയില്ലാതെ ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കേരളം പോലെ ജലസമൃദ്ധമല്ല ഗുജറാത്ത്. ആ കുറവ് പരിഹരിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നു. ഇപ്പോള്‍ 97 ഡാമുകളുടെ നിര്‍മാണം അവിടെ നടക്കുന്നു. കൊടുംവരള്‍ച്ച നേരിടുന്ന സൗരാഷ്ട്ര മേഖലയ്ക്കുവേണ്ടിയാണിത്. കേരളത്തില്‍ ജലസേചനത്തിനായുള്ള പദ്ധതികള്‍ രാമേശ്വരത്തെ ക്ഷൗരംപോലെയെന്നതാണ് ചരിത്രം. അഞ്ചുകോടി ചെലവ് കണക്കാക്കി പ്രവര്‍ത്തനം തുടങ്ങി അഞ്ഞൂറുകോടി ചെലവിട്ടാലും പദ്ധതിയുടെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നില്ല. അതിനൊരു ഉദാഹരണമാണ് കണ്ണൂരിലെ പഴശ്ശി പദ്ധതി. 4.5 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് 200 കോടിയിലധികം മുടക്കി. 1961-ല്‍ പണിതുടങ്ങിയ പദ്ധതിയുടെ ഭാഗികമായ ഉദ്ഘാടനം 1979-ല്‍ നടന്നു. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലെ 16,299 ഹെക്ടര്‍ സ്ഥലത്ത് ജലസേചനമായിരുന്നു ലക്ഷ്യം. പിന്നീടത് 11,525 ഹെക്ടറാക്കി. കേരളത്തിലെ ആദ്യജലസേചന പദ്ധതിയായിട്ടും പഴശ്ശി പാതി വഴിക്കായെങ്കില് ഗതികേടല്ലാതെ മേറ്റ്ന്താണ് ?
തുടരും
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: