തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകനിയമനങ്ങളങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. 1999 മുതലുള്ള നിയമനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. എയ്ഡഡ് കോളജുകളിലെ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
വിജിലന്‍സിന്റെ കൊല്ലം, കോട്ടയം യൂണിറ്റുകള്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
നിയമനത്തിന് പുറമെ, അധ്യാപകരുടെ സ്ഥാനക്കയറ്റവും യുജിസി സ്കെയില്‍ നല്കിയതും അന്വേഷണപരിധിയില്‍ വരും. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവ നല്‍കിയിരിക്കുന്നതെന്നാണ് പ്രധാനമായും പരിശോധിക്കുക. സംസ്ഥാനത്തെ കോളേജ് അധ്യാപകനിയമനത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ലോകായുക്ത നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപകനിയമനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 1995 മുതല്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.
പുനലൂര്‍ എസ്എന്‍ കോളജിലെ ഗണിതശാസ്ത്ര അധ്യാപകന് ബൈജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കോളേജ് അധ്യാപകര്‍ക്ക് യുജിസി സ്കെയില്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഏകീകൃത മാനദണ്ഡമില്ലാതെയാണ് സ്കെയില്‍ അനുവദിച്ചത്. ഒരേസമയത്ത് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വ്യത്യസ്ത സ്കെയിലാണ് അനുവദിച്ചത്. പണം നല്കി നിയമനം നേടിയവര്‍ക്ക് അനുവദിച്ച യുജിസി സ്കെയിലും അല്ലാത്തവരുടെയും തമ്മില്‍ അന്തരമുണ്ട്.
യുജിസി സ്കെയില്‍ ലഭിക്കാത്തവര്‍ ആനുകൂല്യം നേടിയെടുക്കാന്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കേണ്ടിവന്നു. ഇങ്ങനെ ഉത്തരവ് സമ്പാദിച്ചുവരാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ തന്നെയാണ് ആനുകൂല്യം നിഷേധിക്കപ്പെട്ടവരോട് നിര്‍ദേശിച്ചത്. കോടതിയില്‍ കേസ് നടത്തിപ്പിന് സര്‍ക്കാരിന് ചെലവായ തുകയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലക്ചറര്‍മാര്‍ക്ക് സീനിയര്‍ ഗ്രേഡിലും തുടര്‍ന്ന് സെലക്ഷന് ഗ്രേഡിലും പ്രമോഷന് നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: