തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യക്കമ്പനികള്‍ കോഴ നല്‍കുന്നതായി കണ്ടെത്തല്‍. ഇതു സംബന്ധിച്ച തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് ബിവറേജസ് സെക്ഷന്‍ മാനേജര്‍ ജയകുമാറിന് ഇംപീരിയല്‍ സ്പിരിറ്റ് ലിമിറ്റഡ് എന്ന മദ്യകമ്പനി 2010 നവംബര്‍ 26ന് അയച്ച കത്താണ് പുറത്തായത്.
25,000 രൂപ വീതമുള്ള രണ്ട് ചെക്കുകളും ഉള്‍ക്കൊള്ളിച്ചാണ് കത്ത്. കണ്‍സ്യൂമര്‍ ഫെഡിലെ സിഐടിയു അനുകൂല തൊഴിലാളി സംഘടനയുടെ കെട്ടിട നിര്‍മാണ ഫണ്ടിലേക്കുള്ള സംഭാവന ഇനത്തിലാണ് ചെക്ക്.
സംഭാവനയ്ക്ക് പകരമായി തങ്ങളുടെ മദ്യ ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കരാര്‍ പ്രകാരമുള്ള തുക യൂണിയന് കൈപ്പറ്റിയതിന്റെ രസീതും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡില്‍ വ്യാപകമായ ക്രമക്കേടും സാമ്പത്തിക അഴിമതിയും നടക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. പിന്നാലെയാണ് കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള മദ്യവിതരണത്തിലെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
2001 മുതല്‍ 2013 വരെ മദ്യകമ്പനികള്‍ കണ്‍സ്യൂമര്‍ഫെഡിന് നല്കിയ ഇന്‍സെന്റീവിന്റെ കണക്കിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 2001ല്‍ 5.21 ലക്ഷം രൂപ ഇന്‍സെന്റീവ് ഇനത്തില്‍ കിട്ടിയപ്പോള്‍ 2003-04ല്‍ അത് 7.5 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ 2012-13ല്‍ 4.27 ലക്ഷം മാത്രമാണ് ഇന്‍സെന്റീവ്. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി ഇന്‍സെന്റീവ് കൂടേണ്ടിടത്താണ് ഈ കുറവ് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: