ന്യൂദല്‍ഹി: ഒരു കുടുംബത്തില്‍ ഒന്നിലധികം വാഹനമുണ്ടെങ്കില്‍ അധിക വാഹനത്തിന് ഇനി മുതല്‍ അമിത നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് മറ്റു നികുതികള്‍ ഏര്‍പ്പെടുത്തി റവന്യു വരുമാനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
അധിക നികുതി ചുമത്തുന്നതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യേണ്ടിവരും. ഭാര്യക്കും ഭര്‍ത്താവിനും വെവ്വേറെ കാറുകളുണ്ടെങ്കില്‍ അധിക നികുതി നല്‍കണം. വാഹനങ്ങള്‍ കൂടുതലുള്ളവരില്‍ നിന്നും കൂടുതല്‍ നികുതി ചുമത്തുന്ന നയം ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിെന്റ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാന ഗതാഗതമന്ത്രിമാര്‍ പങ്കെടുത്ത ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെനൃ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ തീരുമാനം. വില്‍പ്പന വില ആറു ശതമാനം ഏകീകൃത നികുതി ചേര്‍ത്ത് ഈടാക്കുന്നതോടൊപ്പം റവന്യു വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഡംബര വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി യോഗ ശേഷം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
10 ലക്ഷത്തില്‍ കൂടുതല്‍ വില വരുന്ന വാഹനങ്ങള്‍ക്ക് സ്ലാബ് അടിസ്ഥാനത്തില്‍ ആഡംബര നികുതി ഏര്‍പ്പെടുത്തും. ദമ്പതികള്‍ക്ക് ഒരു വാഹനമാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ വാഹന സാന്ദ്രത വളരെ കൂടുതലാണ്. ഇത് കുറയ്ക്കുന്നതിനു പൗരബോധത്തോടെയുള്ള കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും മന്ത്രി പറഞ്ഞു.
വാഹന നികുതിയായി 1600 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 3000 കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ നിന്നും നീക്കി വെയ്ക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ആറു ശതമാനം ഏകീകൃത നികുതി ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന റവന്യു വരുമാനം കുറയാതെ നോക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: