കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ആരുടെ ബിനാമിയെന്ന് ഹൈക്കോടതി. പോലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ക്ക് കോടികളുടെ ഭൂമി ഇടപാടിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. പണത്തിന്റെ സ്രോതസ് എന്താണെന്നും കോടതി ചോദിച്ചു. സലിംരാജിനെതിരായ തിരുവനന്തപുരത്തെ ഭൂമി ഇടപാട് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കടകംപള്ളിയില്‍ നടന്ന ഭൂമി തട്ടിപ്പിന്റെ രീതി മുമ്പ് തമിഴ്നാട്ടില്‍ പ്രയോഗിച്ചിട്ടുണ്ട്. ആദ്യം വ്യാജരേഖ ഉപയോഗിച്ച് ഭൂമി വാങ്ങുന്നു. അതിനുശേഷം അവിടെ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുന്നു. കടകംപള്ളിയില്‍ നടന്നത് 250 കോടി രൂപയുടെ തട്ടിപ്പാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേക്ക് സലിംരാജിന്റെ ഭാര്യയെ സ്ഥലം മാറ്റിയത് അവരുടെ അപേക്ഷ പ്രകാരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സലിംരാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ സഹായം നല്‍കിയത് ലാന്റ്റവന്യൂ കമ്മീഷണറേറ്റിലെ യുഡി ക്ലാര്‍ക്കായ ഭാര്യ ഷംസാദാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ദേശീയപാതക്ക് സമീപം ഒരേക്കര്‍ 16 സെന്റ് ഭൂമി വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണക്കിടെ സലിംരാജിന്റെ ഭാര്യയുടെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റവന്യു രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ഷംസാദ് സ്വാധീനം ചെലുത്തിയെന്ന വാദം ശരിവെക്കുന്ന രേഖകള്‍ പരാതിക്കാരന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഇന്നലെ ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജിയില്‍ അന്തിമ ഉത്തരവിടുന്നതിന് മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഷെറീഫ്, പ്രേംചന്ദ് എന്നിവരുടെ ഹര്‍ജിയില്‍ ശക്തമായ വാദങ്ങളാണ് അഡ്വ. ദിനേശ് ആര്.ഷേണായ് ഉന്നയിച്ചത്. ഷെറീഫ്, പ്രേംചന്ദ് എന്നിവരുടെ വസ്തുവിന് 300 കോടിയിലേറെ വിലയുണ്ടെന്ന് അഭിഭാഷകന് അറിയിച്ചു. 30 വര്‍ഷം മുമ്പ് മരിച്ചുപോയ ആളുടെ പേരില്‍ ഈ വസ്തു വ്യാജ തണ്ടപ്പേരുപയോഗിച്ച് സലിംരാജ് തട്ടിയെടുക്കാന്‍ ശ്രമിച്ചു.
വിശദമായ വാദത്തിനായി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: