പമ്പ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ശബരിമല അവലോകനയോഗവും പ്രഹസനമായി. യോഗം പകുതിയായപ്പോഴേക്കും മുഖ്യമന്ത്രിയും മന്ത്രി പി.ജെ.ജോസഫ്, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് എന്നിവരും പമ്പയില്‍ നിന്നും മടങ്ങി. തീര്‍ത്ഥാടനം സംബന്ധിച്ച പ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയാണ് അവലോകനയോഗം പൂര്‍ത്തിയാക്കിയതും.
പതിവ് അജണ്ട അനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അറിയിച്ചു. തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പന്മാര്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ ഗൗരവമായ വിഷയങ്ങള്‍ യോഗത്തില്‍ ഒഴിവാക്കപ്പെട്ടു എന്നുമാത്രമല്ല പോലീസടക്കമുള്ള വകുപ്പുകള്‍ അവരവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഫണ്ടും ലഭ്യമാക്കാനാണ് അവസരം വിനിയോഗിച്ചത്.
പുല്ലുമേട്- ഉപ്പുപാറപാത തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇത്തരം വിഷയങ്ങള്‍ പോലീസ് അവലോകന യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചപാത സുരക്ഷ ഉറപ്പാക്കി തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വെര്‍ച്വല്‍ക്യൂ സംവിധാനം വിപുലമാക്കും, മുന്‍വര്‍ഷങ്ങളിലേപ്പോലെ കേന്ദ്രസേനയുടെയും മറ്റു സംസ്ഥാന പോലീസിന്റേയും സേവനം ലഭ്യമാക്കും. തുടങ്ങിയ ഉറപ്പുകള്‍ നല്കിയ എഡിജിപി ഹേമചന്ദ്രന് പോലീസിന്റെ മെസ് സബ്സിഡി 1.5 കോടിയയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടസ്സപ്പെടുത്തുന്ന നിലപാട് ഒഴിവാക്കണമെന്നും അത്തരത്തില്‍ എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ തന്നെ വിവരം അറിയിക്കണമെന്നും സിസിഎഫ് രാജരാജവര്‍മ്മയ്ക്ക് വനംവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ബേസ് ക്യാമ്പായ നിലയ്ക്കലില്‍ തയ്യാറെടുപ്പുകള്‍ തീര്‍ത്ഥാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ പറഞ്ഞെങ്കിലും ഡിജിപി ബാലസുബ്രഹ്മണ്യം ഇത് ഖണ്ഡിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് തയ്യാറാക്കാന്‍ കഴിഞ്ഞാലും മെറ്റലിംഗ്പോലും നടത്താനാകാത്തത് പ്രയാസം സൃഷ്ടിക്കും. മഴ തുടര്‍ന്നാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ചെളിക്കുളമാകും.
കോടിക്കണക്കിന് തീര്ത്ഥാടനകരെത്തുന്ന ശബരിമലയിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിലേറെ താല്പര്യം അനുബന്ധ ഇടത്താവളങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ജനപ്രതിനിധികളും ശ്രമിച്ചത്.
യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് എരുമേലിയിലെ പദ്ധതിയെക്കുറിച്ചും പി.സി.വിഷ്ണുനാഥ് എംഎല്‍എ ചെങ്ങന്നൂരില്‍ നടപ്പാക്കേണ്ട സംവിധാനങ്ങളേക്കുറിച്ചുമാണ് സംസാരിച്ചത്.
ശബരിമല ഉള്‍പ്പെടുന്ന പ്രദേശത്തെ എംഎല്‍എആയ രാജു ഏബ്രഹാമടക്കം നിരവധി ജനപ്രതിനിധികളും സിപിഎം കാരനായ ദേവസ്വംബോര്‍ഡ് അംഗം പി.കെ.കുമാരനും മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്നും വിട്ടുനിന്നതും പോരായ്മയായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: