തിരുവനന്തപുരം: സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ സുരക്ഷാഭീഷണി മുഴക്കുന്നത് രാജ്യാന്തര ബന്ധമുള്ള മുസ്ലിം മതതീവ്രവാദ സംഘടനകള്‍. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ചില സംഘടനകളുടെ കണ്ണിലെ കരടായ സെന്‍കുമാറിന്റെ ജീവനുപോലും ഇവര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ രാഷ്ട്രീയ രൂപമായ പോപ്പുലര്‍ ഫ്രണ്ടാണ് ഈ സംഘടനകളില്‍ പ്രധാനി. കൂടാതെ ചില മനുഷ്യാവകാശസംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങളും തീവ്രവാദകേസില്‍ ജയിലില്‍ കിടക്കുന്ന മദനിക്കുവേണ്ടി പ്രര്‍ത്തിക്കുന്ന ചില സംഘടനകളും സെന്‍കുമാറിനെ ശത്രുപക്ഷത്തു നിര്‍ത്തുന്നു.
അടുത്തിടെ രാജ്യത്തിന് ഭീഷണിയാകുന്ന തീവ്രവാദ സംഘങ്ങളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്ത് മനുഷ്യാവകാശസംഘടനകളുടെ മറവില്‍ തീവ്രവാദം വളര്‍ത്തുകയാണ് പല സംഘടനകളും ചെയ്യുന്നതെന്നാണ് തെളിവു സഹിതം അദ്ദേഹം വിവരിച്ചത്. കേരളത്തില്‍ ജയിലുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മലയാളികള്‍ കൂടുതലായി തീവ്രവാദസംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളെ കുറിച്ചും അദ്ദേഹം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് ഇത്തരത്തിലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് മുസ്ലിം തീവ്രവാദസംഘങ്ങളെ പ്രകോപിച്ചിരുന്നു. കേരളത്തില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയും സാംസ്കാരികനായകരെ വരെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ചില മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അവര്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും സെന്‍കുമാറാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സര്‍വീസിലുള്ള ഉദ്യോഗസ്ഥനാണ് എഡിജിപി ടി. പി. സെന്‍കുമാര്‍. വിവിധ തസ്തികകളില്‍ ഉദ്യോഗം വഹിക്കുന്ന കാലത്ത് സര്‍ക്കാരിന് സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ ഇദ്ദേഹം ആവിഷ്കരിച്ചിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ നിരവധി പരിഷ്കരണ പരിപാടികള്‍ അദ്ദേഹം നടപ്പാക്കി. അടുത്ത മാസം ഡിജിപി കെ.എസ്. ജാംഗ്പങ്കി വിരമിക്കുന്ന ഒഴിവില്‍ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളയാളും സെന്‍കുമാറാണ്.
രണ്ടാഴ്ച മുമ്പാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സെന്‍കുമാറിന് തീവ്രവാദസംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തിന് നല്‍കിയത്. അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സുരക്ഷ വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ആര്‍ക്കെങ്കിലും പ്രത്യേക സുരക്ഷ നല്കണമെങ്കില് ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി തീരുമാനമെടുക്കണം. സുരക്ഷ നല്കാന് തീരുമാനിക്കേണ്ട പ്രത്യേക സമിതിയില്‍ സെന്‍കുമാറും അംഗമാണ്. ഇപ്പോള്‍ ഗണ്‍മാന്റെ സഹായം പോലുമില്ലാതെയാണ് സെന്‍കുമാര്‍ യാത്ര ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: