‘മാനസ മൈനേ…’ എന്ന ഒറ്റ ഗാനംകൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനായിരുന്നു മന്നാഡെ. ചെമ്മീന്‍ എന്ന സിനിമയിലൂടെ രാമു കാര്യാട്ട് എന്ന സംവിധായകന് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡേ പാടിയ ആ ഗാനം അഞ്ചു പതിറ്റാണ്ടോളമായിട്ടും ഇന്നും മലയാളികള്‍ പുതുമ നഷ്ടപ്പെടാതെ പാടികൊണ്ടിരിക്കുന്നു.
നാട്ടികക്കാരനായ രാമു കാര്യാട്ട് തന്റെ സുഹൃത്ത് സലില്‍ ചൗധരിയിലൂടെയാണ് മന്നാഡെയെ പരിചയപ്പെട്ടത്. മധുവും സത്യനും ഷീലയും മുഖ്യകഥാപാത്രങ്ങളായ സിനിമയിലെ ഈ ഗാനം ചീത്രീകരിച്ചത് തൃശൂര്‍ ജില്ലയിലെ നാട്ടിക കടപ്പുറത്തും ആലപ്പുഴ ജില്ലയിലെ പുറക്കാട്ടുമാണ്. നഷ്ടപ്രണയത്തിന്റെ നിലാവൊഴുകുന്ന ഗാനമായി ഇന്നും മാനസ മൈനേ നിറഞ്ഞു നില്ക്കുന്നു.
തന്റെ ഭാഷയുമായി തീരെ യോജിക്കാത്ത പാട്ട് പാടാന്‍ മന്നാഡേക്ക് താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും തന്റെ സുഹൃത്ത് സലില്‍ ചൗധരിയുടെയും തന്റെ മലയാളിയായ ഭാര്യ സുലോചനയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയപ്പോള്‍ മലയാളിക്ക് ലഭിച്ചത് അനശ്വര ഗാനമായിരുന്നു. ഏഴു ദിവസത്തെ കഠിനമായ പരീശിലനം കൊണ്ടാണ് പാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചതെന്ന് പിന്നിട് ആത്മകഥയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചീത്രീകരണ സമയത്തൊന്നും അദ്ദേഹം സ്ഥലത്ത് എത്തിയിരുന്നില്ലെന്ന് ഷൂട്ടിംഗ് അന്ന് കണ്ടിരുന്ന നാട്ടികക്കാര്‍ പറയുന്നു.
മാനസ മൈനേ എന്ന ഗാനത്തിന് ശേഷം രാമു കാര്യാട്ടിന്റെ തന്നെ ‘നെല്ല്’ സിനിമയില്‍ ഭാവ ഗായകന് പി.ജയചന്ദ്രനോടൊപ്പം ചെമ്പാ ചെമ്പാ… എന്നു തുടങ്ങുന്ന പാട്ടും മന്നാഡേ പാടി. പിന്നിട് തന്റെ കരിയറില്‍ നാലായിരത്തോളം ഗാനങ്ങള്‍ ആലപിച്ചെങ്കിലും മലയാളത്തില്‍ പാടിയില്ല. മണല്പരപ്പുകളില് നിന്ന് പറന്നുയര്‍ന്ന് മലയാളക്കരയാകെ പാറി നടന്ന മാനസ മൈന ഒടുവില്‍ കാണെത്താ ദൂരത്തേക്ക് പറന്നുപോയി, ആ അനശ്വര ഗാനം മാത്രമാക്കി.
കൃഷ്ണ കുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: