പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ ദേവസ്വംബോര്‍ഡിനെതിരേ ക്രമക്കേടുകളുടെ ആരോപണം. പ്രധാനമായും ഏലയ്ക്ക, ശര്‍ക്കര, നാളികേരം എന്നിവ സംബന്ധിച്ചുള്ള ടെണ്ടറുകളുമായി ബന്ധപ്പെട്ടാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ടെണ്ടര്‍ നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ങ്കാട്ടി ദേവസ്വം ബോര്‍ഡിനെതിരേ പൊതുമേഖലാ സ്ഥാപനമായ മാര്‍ക്കറ്റ്ഫെഡും രംഗത്തെത്തിയതായാണ് സൂചന.
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടക്കുന്ന ടെണ്ടറുകളില്‍ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മുന്‍തൂക്കം നല്കുന്ന നിലപാടാണ് ദേവസ്വംബോര്‍ഡ് സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ബോര്‍ഡിന്റെ നടപടിയില്‍ ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതോടെ ടെണ്ടര്‍ വിവാദം പുതിയതലത്തിലേക്ക് കടക്കുകയാണ്.
മാര്ക്കറ്റ്ഫെഡിനേയും വനവികസന കോര്‍പ്പറേഷനേയും ഒഴിവാക്കിയാണ് ഏലയ്ക്ക നല്കുന്നതു സംബന്ധിച്ച ടെണ്ടര്‍ ഉറപ്പിച്ചത്. ഇവിടെ ടെണ്ടര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിയെന്നും ആരോപണമുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ സ്വകാര്യ കമ്പനിയുടെ പേരിലാണ് ടെണ്ടര്‍ ഉറപ്പിച്ചതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മാര്‍ക്കറ്റ്ഫെഡും വനവികസന കോര്‍പ്പറേഷനും നല്കിയ ഏലയ്ക്ക നിലവാരമില്ലാത്തതാണെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രമുള്‍പ്പെടെ ഏലയ്ക്കാ വിതരണം ചെയ്യുന്ന സ്ഥാപനമാണ് മാര്‍ക്കറ്റ് ഫെഡ്. ഏലയ്ക്കാ നിലവാരം കുറഞ്ഞതാണെന്ന കണ്ടെത്തല്‍ മാര്‍ക്കറ്റ് ഫെഡിനെ ഒഴിവാക്കാന്‍വേണ്ടി മാത്രമായിരുന്നു എന്ന വാദം ഇതോടെ ഉയര്‍ന്നുകഴിഞ്ഞു. ഇതുപോലെതന്നെയാണ് ശര്‍ക്കരയും, നാളീകേരം എന്നിവയിലും ടെണ്ടര്‍ ഉറപ്പിച്ചത്.
മാര്‍ക്കറ്റ് ഫെഡിനെ ഒഴിവാക്കി കായംകുളം സ്വദേശിയുടെ പേരിലാണ് നാളികേരത്തിന്റെ കരാര്‍ ഉറപ്പിച്ചത്. സ്വന്തമായി ശര്‍ക്കര ഉല്പ്പാദനംപോലുമില്ലാത്ത കമ്പനിയുടെ പേരില്‍ ശര്‍ക്കര ടെണ്ടറും ഉറപ്പിക്കുകയായിരുന്നു. ഇവര്‍ ഷോലാപ്പൂരിലെ ഒരു കമ്പനിക്ക് ഉപകരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഈ ടെണ്ടര്‍ നടപടികളിലെല്ലാം മാര്‍ക്കറ്റ് ഫെഡ് പങ്കെടുത്തതാണ്.
ശബരിമലയെ പണംകണ്ടെത്താനുള്ള കേന്ദ്രം മാത്രമായി കാണുന്ന അധികൃതരുടെ നിലപാടിന്റെ തുടര്‍ച്ചയാണ് ടെണ്ടറിലെ ക്രമക്കേടുകളെന്ന് ആരോപണമുണ്ട്. തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബോര്‍ഡിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തീര്‍ത്ഥാടനത്തിന് മുന്നോടിയായി കോടികളുടെ വികസനം, നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമോ എന്ന കാര്യം ഉറപ്പുതരാന്‍ സര്‍ക്കാരിനോ ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ മറ്റൊരാരോപണംകൂടി ഉയര്‍ന്നത് അധികൃതര്‍ക്കു തിരിച്ചടിയാകുമെന്നുറപ്പാണ്.
പരിപാവനമായ ശബരിമല തീര്‍ത്ഥാടനത്തിന്റെ യശസ്സിന് കളങ്കംവരുത്തുന്ന നിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുമ്പ് ഹൈന്ദവ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ പേരില്‍ പലധൂര്ത്തും നടക്കുകയാണെന്നും വിവിധ സംഘടകള്‍ അഭിപ്രായപ്പെട്ടിരുന്നു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: