തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ് തൃപ്തികരമല്ലെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. ആസൂത്രണ ബോര്‍ഡ് പ്രവര്‍ത്തന സമിതിയുടെ അര്‍ധ വാര്‍ഷിക വിലയിരുത്തല്‍ യോഗത്തിലാണ് പദ്ധതികളില്‍ സംസ്ഥാനം തുക ചെലവഴിക്കുന്നതില്‍ പിന്നോട്ട് പോയതായി വിലയിരുത്തലുണ്ടായത്. ഇതു കൊണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ പദ്ധതികള്‍ക്കും നവംബര്‍ മാസത്തിന് മുമ്പ് ഭരണാനുമതി നല്‍കിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ആസൂത്രണമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വര്‍ഷത്തിന്റെ ആറ് മാസം പിന്നിടുമ്പോള്‍ 25 ശതമാനം പദ്ധതി വിഹിതം മാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലമല്ല, മറിച്ച് ഭരണാനുമതി നല്‍കുന്നതിലെ സാങ്കേതികത കാരണമാണ് പലപ്പോഴും തുക ചെലവഴിക്കാന്‍ സാധിക്കാതെ പോകുന്നത്. വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പലപ്പോഴും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം വലിയ പദ്ധതികള്‍ക്കൊന്നും ഭരണാനുമതി നല്കാന് സാധിക്കുന്നില്ല. ഇതിന് പരിഹാരമായി അടുത്ത വര്‍ഷം മുതല്‍ ഫുള്‍ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ 25 ശതമാനം തുകയാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചമാണ്. ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ പദ്ധതികളും അംഗീകരിച്ചു കഴിഞ്ഞു. പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കാനാണ് ഇനി മുതല്‍ നവംബര്‍ മാസത്തില്‍ തന്നെ ഭരണാനുമതി നല്കാന് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമായിട്ടും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഷെഡ്യൂള്‍ അനുസരിച്ച് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി ചെലവഴിച്ചാണ് പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തിലെ പ്രവൃത്തി നിരക്കുകള്‍ കേന്ദ്ര പൊതുമരാമത്ത് നിരക്കുകള്‍ക്ക് തുല്യമാക്കുന്നതോടെ ഇത് മറികടക്കാന്‍ കഴിയുമെന്നും ഈ മാസം മുതല്‍ ഇത് നടപ്പിലാവുമെന്നും പ്ലാനിംഗ്ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ വ്യക്തമാക്കി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയും വിധം പട്ടിക ജാതി/വര്‍ഗ്ഗങ്ങള്‍ക്കും ചെറുകിട ഉത്പാദന മേഖലക്കും അനുഗുണമായ വിധത്തില്‍ പദ്ധതി പ്രയോജനപ്പെടുത്താനാകുന്ന തരത്തില്‍ പദ്ധതി പുനര്‍വിഭാവന ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവില്‍ ഒറ്റത്തവണ നിലമൊരുക്കല്‍ മാത്രമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ഇത് കൂടാതെ കന്നുകാലി വളര്‍ത്തല്‍, കയര്‍മേഖല, ഖാദിയടക്കമുള്ള പരമ്പരാഗത മേഖല എന്നിവയെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ മാഗ്ഗനിര്ദ്ദേശങ്ങളില് മാറ്റം വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
സംസ്ഥാനത്തെ പ്രാദേശിക അസന്തുലിതാവസ്ഥ പഠിക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പഠനം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഏറ്റവും പിന്നാക്കം നില്ക്കുന്ന ബ്ലോക്കുകള്‍ക്ക് അതനുസരിച്ചുള്ള വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ സാംസ്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ്, വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, ആസൂത്രണസമിതിയംഗങ്ങള്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: