കേരളത്തില്‍ വൈദ്യുതിയുടെലഭ്യതയും ആവശ്യകതയും തമ്മില്‍ വലിയ അന്തരമാണുള്ളത്. പ്രത്യേകിച്ചും കഴിഞ്ഞ സാമ്പത്തികവര്‍ഷം. പീക്ക് ഡിമാന്റ് 3348 മെഗാവാട്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പത് 2745 മെഗാവാട്ടായിരുന്നെന്നോര്ക്കണം. 37 ശതമാനം വര്‍ധന. 2012 മാര്‍ച്ചുവരെ കേരളത്തിന്റെ മൊത്തം സ്ഥാപിതശേഷി 2873 മെഗാവാട്ടാണ്. ഇതില്‍ 78ശതമാനം സംസ്ഥാനമേഖലയില് നിന്ന്. 12 ശതമാനം കേന്ദ്രമേഖലയില്നിന്നും 10 ശതമാനം സ്വകാര്യമേഖലയില്‍ നിന്നും. 1940-ല്‍ പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി വന്നതോടെയാണ് കേരളത്തില്‍ ജലവൈദ്യുതി ഉത്പാദനം തുടങ്ങിയത്.
മഹാരാജാവിന്റെ കാലത്താരംഭിച്ച ഈ പദ്ധതിക്കുശേഷം കാല്‍നൂറ്റാണ്ട് പിന്നിട്ട് (1966) ശബരിഗിരിയും പിന്നെയും ഒരു ദശകം (1976) കഴിഞ്ഞ് ഇടുക്കി പദ്ധതിയും വന്നു. പതിനേഴാം ഊര്ജസര്വെ പ്രകാരം പതിനൊന്നാം പഞ്ചവത്സര കാലയളവില്‍ കേരളത്തിന് 1000 മെഗാവാട്ട് അധിക ഊര്‍ജ ഉത്പാദനം ആവശ്യമുണ്ട്. അതേസമയം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടത് 610.50 മെഗാവാട്ട്. ഉത്പാദിപ്പിച്ചതാകട്ടെ 210.54 മെഗാവാട്ട്. എന്നുവച്ചാല്‍ 34 ശതമാനം.
ഏകദേശം 60 ശതമാനത്തോളം ഊര്‍ജം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന ഊര്ജക്കമ്മിയാണ് കേരളത്തിന്റെത്. ജലം, താപം, കാറ്റ് എന്നിവയില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ആകെയുള്ള 2873 മെഗാവാട്ടില്‍ 2045 മെഗാവാട്ടും (71ശതമാനം) ജലവൈദ്യുത പദ്ധതികളില്‍നിന്നാണ്. താപനിലയത്തില്‍ നിന്ന് 793 മെഗാവാട്ടും ഉത്പാദനമുണ്ട്. കാറ്റില്‍നിന്നുള്ള ഉത്പാദനം വെറും 35 മെഗാവാട്ടാണ്. സുലഭമായി ലഭിക്കുന്ന സൂര്യപ്രകാശവും കൂടി പ്രയോജനപ്പെടുത്തിയാല്‍ ഒരുവിധം പിടിച്ചുനില്‍ക്കാം.
സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത് നരേന്ദ്രമോദി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാരാണ്. ഗുജറാത്തിന്റെ ആവശ്യം പൂര്‍ത്തിയാക്കി അന്യസംസ്ഥാനങ്ങള്‍ക്കും വൈദ്യുതി നല്‍കാനുള്ള ശേഷി ആ സര്‍ക്കാര്‍ കൈവരിച്ചു. ആന്ധ്രയിലും ഒഡീഷയിലും അടുത്തിടെ ചുഴലി വീശയടിച്ചപ്പോഴും ആന്ധ്രയിലെ പ്രക്ഷോഭത്തെ തുടര്‍ന്നും വൈദ്യുതി ഉത്പാദനം കുറഞ്ഞത് കേരളത്തിലും ഇരുട്ട് പരത്തിയിരുന്നു. അന്ന് വെളിച്ചം ലഭ്യമാക്കിയത് ഗുജറാത്തില്‍നിന്നും വൈദ്യുതി എത്തിച്ചതിനാലാണെന്ന സത്യം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ വൈദ്യുതിയാണെന്നറിഞ്ഞിരുന്നെങ്കില് “തമസ്സല്ലൊ സുഖപ്രദം” എന്ന് ചിലരെങ്കിലും ചിന്തിക്കുമായിരുന്നു.
സോളാര്‍ എനര്‍ജി കേരളത്തിന് പറ്റിയ മാര്‍ഗമാണ്. ഈ രംഗത്ത് ‘അനര്‍ട്ട്’ എന്ന സ്ഥാപനം വര്‍ഷങ്ങളായി സാന്നിദ്ധ്യമറിയിക്കുന്നെങ്കിലും കാര്യമായ സംഭാവന ചെയ്യുന്നതില്‍ വിജയിച്ചിട്ടില്ല. ഈ ഒഴിവിലാണ് ‘ടീം സോളാര്‍’ എന്ന കമ്പനി കടന്നുവരുന്നത്. ഊര്‍ജ പ്രതിസന്ധിമൂലം നട്ടം തിരിയുന്ന സര്‍ക്കാരിന് മുന്നില്‍ ‘ടീം സോളാര്‍’ വന്നപ്പോള്‍ അവരെ കയ്യും നീട്ടി സ്വീകരിക്കാന്‍ കാര്യവിവരമുള്ള ഒരു സര്‍ക്കാരും തയ്യാറാകില്ല. ആരാണ്, എന്താണ് ഇവരെന്ന പരിശോധനപോലും നടത്താതെ ടീം സോളാറിനെ പ്രോത്സാഹിപ്പിച്ചത് ‘പട്ടിണിമൂലം പട്ടിയിറച്ചി തിന്ന’തിന് സമമായി. കൊലക്കേസില്‍ പ്രതിയായിരിക്കെ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുകയും സ്വകാര്യ സംഭാഷണത്തിന് ഒത്താശചെയ്തവരും ഇപ്പോള്‍ മാളത്തിലാണ്. ബിജുവിന്റെ കാമുകി ശാലു നല്കിയ ഇളനീര് സത്കാരം സ്വീകരിച്ചവരുമെല്ലാം മുഖ്യമന്ത്രി മൂക്കറ്റം നാറാനാണ് സാഹചര്യമൊരുക്കിയത്.
തേക്ക്, മാഞ്ചിയം, ആട് തട്ടിപ്പിനെക്കാളും ഷോക്കടിപ്പിക്കുന്നതായി സോളാര്‍ തട്ടിപ്പ്. ആയിരം വീടുകളില്‍ സൗരോര്‍ജ പാനല്‍ നല്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപിത പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. അതിന്റെ മുന്നോടിയായി മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നുമായി നൂറുകണക്കിനാളുകളില്‍നിന്നും ലക്ഷക്കണക്കിന് രൂപ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ശാലുമേനോനുമെല്ലാം ചേര്‍ന്ന് തട്ടിയെടുത്തു. സര്‍ക്കാര്‍ ഖജനാവിന് ഒരു പൈസപോലും നഷ്ടമായില്ലെന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് താങ്ങും തണലുമായി മുഖ്യമന്ത്രിയുടെ ഓഫീസും അതിലെ ജീവനക്കാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമെല്ലാം ഉണ്ടായി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
കേരളത്തില്‍ സ്ഥാനത്തിരിക്കെ മുഖ്യമന്ത്രി പ്രതിസ്ഥാനത്തെത്തുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തട്ടിപ്പു കേസില്‍ ഒരു മുഖ്യമന്ത്രിയെ ചോദ്യംചെയ്ത സംഭവം മുമ്പുണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് അതും അനുഭവിക്കേണ്ടി വന്നു. അരനൂറ്റാണ്ടിലധികം കാലത്തെ പ്രവര്‍ത്തനപാരമ്പര്യം. സുദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തനപരിചയം. ഒരേ മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ പോലും തോല്‍ക്കാതെ ഏറെ തവണ ജയിച്ച ജനനായകന്. ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുന്ന ഉമ്മന്‍ചാണ്ടി എങ്ങനെ സോളാറില്‍ ഷോക്കേറ്റുവെന്ന് പരിശോധിക്കാന്‍ ഇനിയും അദ്ദേഹം തയ്യാറായി എന്നു തോന്നുന്നില്ല. ഇപ്പോഴും കൂട്ടായ്മ കവര്‍ച്ചക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കാതെ കള്ളന്മാര്ക്ക് കഞ്ഞി വയ്ക്കുന്നു എന്ന ധാരണ ജനങ്ങളില്‍ നിലനില്ക്കുന്നു.
കരുതലും വികസനവും എന്ന പ്രഖ്യാപിത മുദ്രാവാക്യം കൂടെ നടക്കുന്നവര്‍ സമര്‍ഥമായി ഉപയോഗിച്ചു. ഭരണത്തിലിരുന്നു നാളത്തേക്ക് കരുതിവയ്ക്കുന്നതില്‍ ശ്രദ്ധവച്ചു. വികസനം എന്നാല്‍ കീശയുടെ വികാസമാക്കി. ഇന്നലെവരെ ചില്ലിക്കാശിന് വകയില്ലാത്തവര്‍ കോടികളുടെ ആസ്തിയുണ്ടാക്കി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇതൊക്കെ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഇതെല്ലാം സൂചിപ്പിച്ചപ്പോള്‍ ഗൗനിക്കാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ പാരിതോഷികമാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഉപ്പുതിന്നതു കൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടി വെള്ളം കുടിക്കുന്നത്. അഹോരാത്രം പണിയെടുക്കുന്ന മുഖ്യമന്ത്രിയെ മാത്രമല്ല കേരളം പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ ആവശ്യവും കേരളത്തിന്റെ താത്പര്യവും അറിഞ്ഞുപ്രവര്‍ത്തിക്കുന്ന സക്രിയമായ സര്‍ക്കാരിനെയാണ്. ഒരുവിരല്‍ മാത്രം മടക്കിയാല്‍ മുഷ്ടിയാകില്ല. അഞ്ചുവിരലും മടക്കണം. അതിനേ ശക്തിയുണ്ടാകൂ. കേരളത്തില്‍ അതുണ്ടാകാത്തതുകൊണ്ടാണ് ഒറ്റക്കാലില്‍ നിന്ന് പരാതി സ്വീകരിക്കാനും പാരിതോഷികം നല്‍കാനും മുഖ്യമന്ത്രിതന്നെ പാടുപെടേണ്ടി വരുന്നത്.
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: