പനാജി: ലോക സിനിമയുടെ വ്യത്യസ്ത കാഴ്ചകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശ്ശീല ഉയരാന്‍ ഇനി ആഴ്ചകള്‍ മാത്രം. ആഗോള സിനിമയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധാനങ്ങളെ ഗോവന്‍ മേളയില്‍ ആസ്വദിക്കാനായി മനസൊരുക്കിക്കഴിഞ്ഞ ചലച്ചിത്ര പ്രേമികള്‍ തങ്ങളുടെ ഇരിപ്പിടങ്ങള്‍ക്കായുള്ള തിടുക്കത്തിലായിരിക്കും ഇനിയുള്ള നാളുകള്‍.
പത്തുദിവസം നീളുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബര്‍ 20ന് തുടങ്ങും. മലയാള സിനിമയുടെ മാറ്റുരയ്ക്കുന്ന ആറ് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മികവിന്റെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ ഇതിലുണ്ട്. കെ.ആര്.മനോജിന്റെ കന്യകാ ടാക്കീസാണ് ഉദ്ഘാടനചിത്രം. ഈ ചിത്രം കൂടാതെ കമലിന്റെ സെല്ലുലോയ്ഡ്, ജോയ് മാത്യുവിന്റെ ഷട്ടര്‍, ശ്യാമ പ്രസാദിന്റെ ആര്‍ട്ടിസ്റ്റ്, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, സിദ്ധാര്‍ത്ഥ് ശിവയുടെ നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍. കെ.ആര്.മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി.ഷാജി കുമാര്‍, ഗവേഷകയായ രഞ്ജിനി കൃഷ്ണന്, സംവിധായകന് കെ.ആര്.മനോജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
2004ലാണ് ഗോവ ഫിലിം ഫെസ്റ്റിവലിന്റെ ആരംഭം. ലോകോത്തര സിനിമകളുടെ വേദിയായ ഈ സംരംഭത്തില്‍നിന്നും ഇക്കുറി ബോളിവുഡിനെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. ബോളിവുഡിന്റെ ഷോക്കേസല്ല ഗോവന്‍ മേളയെന്ന് ഇതിന്റെ സംഘാടകര്‍തന്നെ ഉറപ്പിച്ച് പറഞ്ഞതോടെ അര്‍ത്ഥപൂര്‍ണ്ണവും ഗൗരവതരവുമായ സിനിമകള്‍ കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ബോളിവുഡിനെ തഴയുമ്പോള്‍ ആറ് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നത് കേരളത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: