മാവേലിക്കര: ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പങ്കെടുത്ത ആര്‍എസ്എസ് വിജയദശമി മഹോത്സവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും വിവരങ്ങള്‍ ശേഖരിക്കാനുമെത്തിയ മൂന്നംഗ എന്‍ഡിഎഫ് സംഘത്തില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വള്ളികുന്നം കന്നിമേല്‍ മാമ്മൂട്ടില്‍ മുന്സീര് മുഹമ്മദാണ്(21) റിമാന്‍ഡിലാണ്.
ഒപ്പമുണ്ടായിരുന്നവരില്‍ രണ്ടുപേരില്‍ ഒരാള്‍ വള്ളികുന്നം കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് ബഷീറാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിലധികം പേര് സംഘടിച്ചെത്തി മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. റിമാന്‍ഡിലായ മുന്സീര് മുഹമ്മദ് എന്‍ഡിഎഫ്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളില്‍ നിന്നും വിജയദശമി മഹോത്സവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത് പോലീസ് കണ്ടെടുത്തു.
പഥസഞ്ചലനത്തിന്റെയും പരിപാടികളുടെയും പൂര്‍ണ വിവരം, പങ്കെടുത്ത പ്രമുഖര്‍ ഇവരുടെ ചുമതലകള്‍, താലൂക്കിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവ രേഖപ്പെടുത്തിയ പേപ്പര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ പോപ്പലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കള്‍ ബന്ധപ്പെട്ടിട്ടുള്ളതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മൊബെയിലിലും ക്യാമറയിലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബെയിലിനുള്ളിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍ മൊബെയിലും ക്യാമറയും വിശദപരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍സീറിന്റെ മൊബെയില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന് മുന്സീറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മാവേലിക്കര സിഐ: കെ.ജെ.ജോണ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: