പള്ളരുത്തി (കൊച്ചി): കണക്ക് പഠിച്ചില്ലെന്ന് പറഞ്ഞ് ട്യൂഷന് അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ കണ്ണ് അടിച്ചുതകര്‍ത്തതായി പരാതി.
പള്ളുരുത്തി പൈപ്പ്ലൈന് റോഡില്‍ കടമാട്ട്വീട്ടില് രാജേന്ദ്രന്റെ മകള്‍ അഖില (10)യെയാണ് വീടിന് സമീപത്തുതന്നെ ട്യൂഷന് സെന്റര്‍ നടത്തുന്ന 42 കാരിയായ ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചത്. വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സക്ക് വിധേയയാക്കി.
കുട്ടിയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഭാഗികമായി കാഴ്ചശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തെ ചികിത്സക്കുശേഷം കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ നടത്തുമെന്നും ഇവര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പള്ളുരുത്തി സെന്റ് ഡൊമിനിക് സ്കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുകയാണ് കുട്ടി. സ്കൂള്‍ വിട്ട് ട്യൂഷന് സെന്ററില്‍ എത്തിയ കുട്ടിയോട് കണക്ക് ചെയ്ത് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. ചെയ്ത കണക്ക് തെറ്റിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതത്രെ. തറയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ അടുത്തെത്തിയ ഇവര്‍ കയ്യില്‍ കരുതിയ ചൂരല്‍വെച്ച് ആഞ്ഞടിക്കുകയായിരുന്നു.
ആദ്യ അടി ലഭിച്ചതിനുശേഷം അരുതേ എന്ന് കുട്ടി പറഞ്ഞുവെങ്കിലും വീണ്ടും കുട്ടിയെ തല്ലുകയായിരുന്നു. രണ്ടാമത്തെ അടി കുട്ടിയുടെ വലതുകണ്ണിലാണ് കൊണ്ടത്. കരഞ്ഞ കുട്ടിയെ ഗൗനിക്കാതെ ഇവര്‍ പഠിപ്പിക്കല്‍ തുടര്‍ന്നു. ഇതിനിടയില്‍ ഒരു പാഠപുസ്തകം എടുക്കാന്‍ മറന്ന അഖിലയെ ഇവര്‍ വീട്ടിലേക്ക് അയച്ചു. അഖിലയുടെ കണ്ണ് നിരുവെച്ചതു കണ്ട് അച്ഛന് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കണ്ണില്‍ രക്തസ്രാവമുള്ളതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ട്യൂഷന് അധ്യാപികയെക്കുറിച്ച് മുമ്പും ഇത്തരം പരാതികള്‍ ഉയര്ന്നിട്ടുള്ളതാണെന്ന് പരിസരവാസികള്‍ പറയുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ പള്ളുരുത്തി പോലീസില്‍ പരാതി നല്കി. അന്വേഷിച്ചുവരികയാണെന്ന് പള്ളുരുത്തി എസ്ഐ യേശുദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: