കരുനാഗപ്പള്ളി: നൂറ് കണക്കിന് യജ്ഞാവേദികളെ ഭക്തിസാന്ദ്രമാക്കിയ ആ വാഗ്ധോരണി ഇനിയില്ല. പത്ത് വര്‍ഷം കൊണ്ടു 214 യജ്ഞ വേദികളിലൂടെ പതിനായിരക്കണക്കിന് മനസുകളില്‍ ഭക്തിയുടെയും ശ്രദ്ധയുടെയും പുരാണ സന്ദേശങ്ങള്‍ പകര്‍ന്ന കെ.ആര്.രാമകൃഷ്ണവാര്യര്‍ ഇനി ദീപ്തമായ ഓര്‍മ്മ.
സംസ്കൃത അദ്ധ്യാപകനായി വിരമിച്ച വാര്യര്‍ സപ്താഹം, നവാഹം, ഏകാദശാഹം തുടങ്ങിയ യജ്ഞ ഗ്രന്ഥപാരാണത്തില് മാത്രം ശ്രദ്ധിച്ചിരുന്ന ശുഭ്രവസ്ത്രധാരിയും മിതഭാഷിയും ആചാര്യസമാനനുമായ വാര്യര്‍ എന്നും യജ്ഞവേദിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.
2003 മുതല്‍ എല്ലാ യജ്ഞവേദികളിലും ഇദ്ദേഹമുണ്ട്. ഭാഗവതം മൂലം, ദേവീഭാഗവതം മൂലം, ശിവപുരാണം മൂലം എന്നിവയിലായിരുന്നു കൂടുതല്‍ താല്പര്യം. ദേവഭാഷയായ സംസ്കൃതത്തോടുള്ള പ്രത്യേക താല്പര്യം കൊണ്ട് മൂലം പാരായണം ചെയ്യുന്ന യജ്ഞാദേവികള്ക്കാണ് ഇദ്ദേഹം പ്രാധാന്യം നല്‍കിയത്.
അഖില ഭാരത ഭാഗവത സപ്താഹയജ്ഞത്തിലും സോമയാഗം തുടങ്ങിയ യാഗവേദികളിലും രാമകൃഷ്ണവാര്യരുടെ സാന്നിദ്ധ്യമുണ്ടാകും. സ്വസ്ഥമായ വാര്‍ദ്ധക്യജീവിതത്തെ ഈശ്വരാഭിമുഖമാക്കുന്നതിന് യജ്ഞവേദികളിലെ നിത്യസമ്പര്‍ക്കം സഹായകമാണെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
ചെറുപ്പകാലം മുതലേ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും തന്റെ കഴിവുകള്‍ പ്രസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധനായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത് 1945-50 കാലഘട്ടത്തില്‍ സ്വയം സേവകനായി പ്രാഥമിക സംഘവര്ഗില് പ്രചാരകനായിരുന്നു. ചന്ദ്രശേഖരന് കര്‍ത്താ, ആര്.ഹരി, സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കര്‍ എന്നീ മഹത് വ്യക്തികളുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
കരുനാഗപ്പള്ളി താലൂക്കില്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ ആദ്യകാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വി.കെ.വിശ്വനാഥന് ക്ഷേത്രസംരക്ഷണ സമിതിയുടെ സംഘാടകനായിരുന്നപ്പോള് അദ്ദേഹത്തോടൊപ്പം സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. അന്യാധീനപ്പെട്ടുപോയ കരുനാഗപ്പള്ളി പുതിയകാവ് ദേവിക്ഷേത്രമൈതാനം തിരിച്ചെടുക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തില്‍ സജീവമായി പങ്കെടുത്തു.
1932 ഡിസംബര്‍ 19ന് തിരുവല്ല പെരിങ്ങരയിലുള്ള കോണത്തു വാര്യത്താണ് ജനനം. അഴിയിടത്തുചിറ പ്രൈമറി സ്കൂള്‍, പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ നിന്നും ബിഎയും തുടര്‍ന്ന് ബിഎഡും കരസ്ഥമാക്കി. സംസ്കൃതം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് പഠിച്ചത്.
തിരുമൂലപുരം എസ്എന്‍വി സംസ്കൃത ഹൈസ്കൂളില്‍ സംസ്കൃത അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1963 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തകഴി, ചെറിയനാടുസ്കൂളുകളില് ജോലി ചെയ്തു. തുടര്‍ന്ന് വിളക്കുടി യുപി സ്കൂളില്‍ പ്രധാനാദ്ധ്യാപകനായി. 1988 ല്‍ ചങ്ങന്‍കുളങ്ങര യുപി സ്കൂളില്‍ നിന്നുമാണ് വിരമിച്ചത്.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: