പുത്തൂര്‍: ഹിന്ദുത്വം ഭാരതീയ ജീവിതരീതിയാണെന്നും അതിനെ തിരസ്കരിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ വ്യവസ്ഥാപ്രമുഖ് ആര്. ധനരാജന് അഭിപ്രായപ്പെട്ടു. പുത്തൂരില്‍ വിചാരവേദിയുടെ നേതൃത്വത്തില്‍ നടന്ന കേസരി സുഹൃദ് സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം ടൂത്ത് ബ്രഷ് പോലെ സ്വകാര്യമാണ്. എന്നാല്‍ സംസ്കാരം പൊതുജീവിതത്തെ നിലനിര്‍ത്തുന്ന ജീവിതവഴിയാണ്. ഹിന്ദുത്വത്തെ നിര്‍വചിക്കാനാകാത്തത് അതിന്റെ വിശാലത കൊണ്ടാണ്. ഭാരതത്തെ പുണ്യഭൂമിയായും മാതൃഭൂമിയായും കാണുന്ന ഏതൊരുവനും ഹിന്ദുവാണെന്ന് വീര സാവര്‍ക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചാല്‍ മണ്ണില്‍ നിന്ന് പിഴുതെടുത്ത ചെടി പോലെ ഭാരതം വാടിപ്പോകുമെന്ന് ആനിബസന്റ് നിരീക്ഷിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ പ്രതീകങ്ങളും വിവിധ വകുപ്പുകളുടെ ആപ്തവാക്യങ്ങളും അടയാളങ്ങളുമെല്ലാം ഹിന്ദുത്വത്തിന്റെ മുദ്രകളാണ്. ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ പിന്തുടരുന്നത് ഹൈന്ദവസംസ്കാരമാണെന്നും ധനരാജന് ചൂണ്ടിക്കാട്ടി.
മോക്ഷത്തിലേക്ക് ഒരു വഴി മാത്രമേ ഉള്ളൂ എന്നത് ഹൈന്ദവമായ വിശ്വാസമല്ല. എന്റെ വഴി മാത്രമാണ് ശരിയെന്ന് ശഠിക്കുന്നത് ഹിന്ദുവിരുദ്ധമായ ചിന്താഗതിയാണ്. സര്‍വാശ്ലേഷിയായ ഹിന്ദുത്വത്തിന് വര്‍ഗീയമാകാന്‍ കഴിയില്ല. എന്നാല്‍ ഹിന്ദുവിനെ വര്‍ഗീയവാദിയാക്കി മുദ്രകുത്താനുള്ള പ്രചാരണങ്ങളാണ് ചുറ്റിനും നടക്കുന്നത്. അതിനെ ചെറുത്ത് തോല്പിക്കുവാന് കേസരി പോലെയുള്ള മാധ്യമങ്ങളുടെ പ്രചാരം കൂടുതല്‍ വര്‍ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ തുരുത്തിക്കര രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന പരിശീലകനും ടിവി അവതാരകനുമായ ഹരീഷ് ശ്രീരംഗം കേസരിയുടെ ആദ്യവരി ആര്‍എസ്എസ് ഗ്രാമജില്ലാ സഹകാര്യവാഹ് ആര്. ബാഹുലേയനില്‍ നിന്ന് ഏറ്റുവാങ്ങി. ബിനുകുമാര്‍, ഗിരീഷ് ചെക്കാലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: