ശ്യാമളായാഃ മുഖവര്ണനാഃ-
ജയജനനീ. സുധാസമുദ്രാന്തരുദ്യന്മണിദ്വീപസംരൂഢ ബില്വാടവീമദ്ധ്യ കല്പദ്രുമാകല്പ കാദംബ കാന്താരവാസപ്രിയേ! കൃത്തിവാസപ്രിയേ! സര്‍വലോകപ്രിയേ!
അമ്മേ അവിടുന്നു ജയിച്ചാലും. അമൃതക്കടലിന് നടുവില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ മണിദ്വീപത്തില്‍ ഉള്ള കൂവളത്തോട്ടത്തിന്റെ ഉള്ളില്‍ കല്പവൃക്ഷങ്ങളാല് അലങ്കരിക്കപ്പെട്ട കടമ്പുവനത്തില്‍ വസിക്കുവാന്‍ താല്പര്യമുളളവളും കൃത്തിവാസസ്സായ പരമശിവന്റെ പ്രിയതമയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പ്രിയത്തോടെ കാത്തരുളുന്നവളും ആയ അമ്മ ജയിച്ചാലും.
സുധാസമുദ്രം= അമൃതക്കടല്‍. ബില്വാടവി=കൂവളത്തോട്ടം. കല്പദ്രുമാകല്പം=കല്പവൃക്ഷങ്ങളാല് അലങ്കരിക്കപ്പെട്ട. കൃത്തിവാസസ്സ്=ആനത്തോല് ഉടയാടയാക്കിയവന്‍ (പരമശിവന്).
സാദരാരബ്ധ സംഗീതസംഭാവനാ സംഭ്രമാലോല നീപസ്രഗാ ബദ്ധചൂളീസനാഥത്രികേ! സാനുമത്പുത്രികേ!
ആദരവോടെ ആരംഭിച്ച സംഗീതാലാപനത്തിന്റെ ആരോഹണാവരോഹണഗതിവേഗത്താല് ഇളകിയാടുന്നതും നീര്‍ക്കടമ്പിന്‍ പൂമാല കൊണ്ട് കെട്ടിവെച്ചിരിക്കുന്നതും ആയ കാര്കൂന്തളത്താല് മനോഹരമായ പുറകുവശത്തോടുകൂടിയവളും, പര്‍വതരാജന്റെ പുത്രിയും ആയ ശ്യാമളാ ദേവി ജയിച്ചാലും.
സാദരാരബ്ധം=ആദരവോടെ ആരംഭിച്ച. നീപസ്രക്=കടമ്പിന് പൂമാല. ആബദ്ധം= കെട്ടപ്പെട്ടത്. ചൂളി=മുടിക്കെട്ട്. സാനുമാന്‍=പര്‍വതം.
ശേഖരീഭൂതശീതാംശുരേഖാ മയൂഖാവലീബദ്ധസുസ്നിഗ്ദ്ധ നീലാളകശ്രേണിശൃംഗാരിതേ! ലോകസംഭാവിതേ!
ചൂഡാരത്നമായി ധരിച്ചിരിക്കുന്ന ചന്ദ്രക്കലയില്‍ നിന്നുതിരുന്ന നിലാവെളിച്ചത്തില്‍ മിനുമിനുപ്പോടെ കാണപ്പെടുന്ന ഇരുണ്ട കുറുനിരകളാല്‍ ശൃംഗാരരൂപിണിയായി ശോഭിക്കുന്നവളും ഈരേഴുപതിന്നാലു ലോകങ്ങളും ആദരിക്കുന്നവളും ആയ ശ്യാമളദേവി ജയിച്ചാലും.
ശീതാംശുരേഖ=ചന്ദ്രകല. ശേഖരം=ശിരോലങ്കാരം (ചൂഡാരത്നം). സുസ്നിഗ്ദ്ധം=മിനുമിനുത്ത. മയൂഖം=പ്രകാശം.
കാമലീലാധനുസ്സന്നിഭ ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹകൃല്ലോചനേ! വാക്സുധാസേചനേ!
കാമദേവന്റെ കളിവില്ലിനൊക്കുന്ന പുരികക്കൊടികളില്‍ വിലസുന്ന പൂവമ്പുകള്ക്ക് തുല്യമായ കണ്ണുകളോടുകൂടിയവളും വചനാമൃതത്താല്‍ കുളിര്‍മ പകര്ന്നുതരുന്നവളുമായ ശ്യാമളാദേവി ജയിച്ചാലും.
ലീലാധനുസ്സ്=കളിവില്ല്. ഭ്രൂലത=പുരികക്കൊടി. പുഷ്പസന്ദോഹം=പൂക്കളുടെ കൂട്ടം.
ചാരുഗോരോചനാപങ്കകേളീലലാമാഭിരാമേ!സുരാമേ! രമേ!
മനോഹരമായ ഗോരോചനക്കുറി അണിഞ്ഞു ക്രീഡാലോലയായി അതിസുന്ദരിയായിരിക്കുന്നവളും പ്രപഞ്ചത്തെ മുഴുവന്‍ സന്തോഷിപ്പിക്കുന്നവളും ലക്ഷ്മീസ്വരൂപിണിയും ആയ ശ്യാമളാദേവി ജയിച്ചാലും.
ലലാമം=തൊടുകുറി.
(തുടരും)
















