കൊല്ലം: ചലച്ചിത്ര നിര്‍മാതാവും പ്രമുഖ വ്യവസായിയുമായ കെ.രവീന്ദ്രനാഥന്‍നായരുടെ (അച്ചാണി രവി) ഭാര്യയും സിനിമാ പിന്നണി ഗായികയുമായ കൊച്ചുപിലാംമൂട് നാണിനിവാസില്‍ ഉഷാ രവി (72) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കുറെനാളുകളായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പോളയത്തോട് ശ്മശാനത്തില്‍ നടക്കും. കെ.രവീന്ദ്രനാഥന്‍ നായര്‍ നിര്‍മ്മിച്ച് അരവിന്ദന് സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തില്‍ എം.ജി രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തില്‍ ‘കാനനപ്പെണ്ണ് ചെമ്പരത്തി…’ എന്ന ഗാനത്തോടെ പ്രശസ്തയായ ഉഷാരവി ഹരികുമാറിന്റെ ‘ആമ്പല്‍പ്പൂവ് ‘എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.
സഹോദരന് ടി.സി ശങ്കര്‍ നിര്‍മ്മിച്ച ‘ഡിക്ടറ്റീവ് 909’ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. അരിക്കാരി അമ്മു, മഞ്ഞ് തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ നിരവധി ഭക്തിഗാനങ്ങളും ഉഷ ആലപിച്ചിട്ടുണ്ട്. സത്യസായി ബാലവികാസ് കേരളയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മക്കള്‍: പ്രതാപ് ആര്.നായര്‍, പ്രകാശ് ആര്.നായര്‍, പ്രീത. മരുമക്കള്‍: സതീശന്‍നായര്‍, രാജശ്രീ പ്രതാപ്, പ്രിയപ്രകാശ്. മരണവാര്‍ത്ത അറിഞ്ഞ് വ്യവസായ, ചലച്ചിത്ര, സാമൂഹിക രംഗത്തെ പ്രമുഖര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: