തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം മനസില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് നടന് സുരേഷ് ഗോപി. നിയോഗമുണ്ടെങ്കില്‍ മത്സരിക്കാനാകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കന്മാരുടെയടുത്ത് ആവശ്യങ്ങളുമായി ചെല്ലാന്‍ ഇപ്പോള്‍ തനിക്ക് കഴിയും. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമായാല്‍ അതിനു കഴിയില്ല. അഭിനയത്തില്‍ സജീവമാകാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രസ് ക്ലബ് ആരംഭിക്കുന്ന ലിറ്റററി ആന്‍ഡ് ആര്‍ട്ട് ഫോറത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
നിലവിലെ ജനാധിപത്യ സംവിധാനത്തിന് യാതൊരു യോഗ്യതയുമില്ല. അതു മാറേണ്ട സമയമായി. അഴിമതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല പ്രശ്നം. അതിനു വളം വച്ചു കൊടുക്കുന്ന നാട്ടുകാരും കുറ്റക്കാരാണ്. ഈ സംവിധാനം മാറുകയാണ് അതിനു പരിഹാരം. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ പലരേയും ക്ഷണിച്ചില്ല എന്ന വിവാദത്തെക്കുറിച്ച് എനിക്കറിയില്ല. എന്നെ ക്ഷണിച്ചിരുന്നു. പോകാന്‍ കഴിഞ്ഞില്ല. വളരെയധികം സമയമെടുത്ത് നടത്തേണ്ടിയിരുന്ന പരിപാടി കുറച്ച് സമയമെടുത്തു നടത്തിയതിന്റെ പോരായാമകളാകാം സംഭവിച്ചത്.
മമ്മൂട്ടിയുമായുള്ള പിണക്കം വ്യക്തിപരമായ കാര്യമാണ്. അത് മലയാള സിനിമാ വ്യവസായത്തെയോ മലയാളിയെയോ ബാധിക്കുന്നതല്ല. പിണക്കം ഉണ്ടെങ്കിലും ആദ്യമായി സിനിമയില്‍ വന്നപ്പോഴുള്ള സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഉള്ളിലുണ്ട്. പിണക്കത്തിന്റെ പേരില്‍ അത് ഇല്ലായ്മ ചെയ്യാന്‍ പറ്റില്ല. പ്രശ്നത്തിന്റെ കാരണം പറഞ്ഞ് മാന്യത കളയില്ല. അട്ടപ്പാടിയിലെ പ്രശ്നങ്ങളുടെ മൂലകാരണം മദ്യമാണെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.സി.ജോസഫും പറഞ്ഞത് ശരിയാണ്. ഞാനവിടെ പോയി ഇക്കാര്യം നേരിട്ട് മനസിലാക്കിയതാണ്.
വിവാഹപ്രായം 16 ആക്കുന്നതു സംബന്ധിച്ച് എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ തയ്യാറാകണം. ജനാധിപത്യ സംവിധാനമാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സിനിമാ സംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാറില്ലെങ്കിലും സംഘടനയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: