കൊച്ചി: മുഴുവന്‍ ലോകത്തിനും വഴികാട്ടിയായ ഹിന്ദു സംസ്കാരം നിലനിര്‍ത്താനുള്ള ശ്രമമാണ് ഇനി നടത്തേണ്ടതെന്ന് മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം. റോയി. ഹൈന്ദവ സംസ്കാരത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്തുന്നതിനും ഏതു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറാകണമെന്ന് വിശ്വ സംവാദകേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിത്തറയായ ഹൈന്ദവ സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും വിശ്വസംവാദകേന്ദ്രത്തിന് കഴിയണം. അത്യാധുനിക വിവരസാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഏറെ പ്രശംസനീയമാണ്. നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് ഇനിയുമേറെ പഠിക്കാനും അറിയാനുമുണ്ട്. അതിനെല്ലാം വിശ്വസംവാദകേന്ദ്രം വഴികാട്ടിയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഹിന്ദു സമൂഹത്തിന് ഗുണകരമല്ലാത്ത വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയുടെ ശരിയായ വിവരങ്ങള്‍ പല മാധ്യമങ്ങളും മറച്ചു വച്ചപ്പോള്‍ കാര്യങ്ങള്‍ സത്യസന്ധമായി തുറന്ന് എഴുതാന്‍ തനിക്കായി. ഈ ലേഖനം എഴുതിയ തനിക്ക് മുസ്ലിംലീഗിന്റെ യുവജന സംഘടന പുരസ്കാരം നല്കി ആദരിച്ച കാര്യവും കെ.എം. റോയി അനുസ്മരിച്ചു.
വിശ്വസംവാദകേന്ദ്രത്തിന്റെ വെബ്സൈറ്റിന് വസ്തുതകള്‍ യാഥാര്‍ഥ്യത്തോടെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷനും കൊച്ചി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ. ശിവപ്രസാദ് അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. പൊതുസമൂഹത്തിന് യഥാര്‍ഥവിവരങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ജന്മഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും പണത്തിന്റെയും ശക്തികള്‍ക്ക് മാധ്യമമേഖല വഴങ്ങുകയാണ്. വാര്‍ത്തകള്‍ ശരിയായ വിധത്തില്‍ ജനങ്ങളില്‍ എത്തിക്കുകയെന്ന മഹത്തായ ദൗത്യം പലവിധ ഇടപെടലുകള്‍ മൂലം അട്ടിമറിക്കപ്പെടുന്നു. വാര്‍ത്തകള്‍ എങ്ങനെ ജനങ്ങളില്‍ എത്താതിരിക്കാം എന്നതിനെക്കുറിച്ചാണ് പലപ്പോഴും മാധ്യമമേഖല ശ്രദ്ധിക്കുന്നത്. എന്നാല്‍ ചില സോഷ്യല്‍ മീഡികള്‍ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ആശയപരമായ ഇടപെടലിന്റെയും ധ്രുവീകരണത്തിന്റെയും കേന്ദ്രസ്ഥാനമാണ് ഭാരതം. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍കൊണ്ട് ഹൈന്ദവ ആശയങ്ങള്‍ക്കുവേണ്ടി പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ വിശ്വസംവാദകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കലൂര്‍ പാവക്കുളം ഹിന്ദു സംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വിശ്വസംവാദ കേന്ദ്രം അഡ്മിന് കോഓര്‍ഡിനേറ്റര്‍ അനൂപ് രാമന്‍കുട്ടി വെബ്സൈറ്റ് അവതരണം നടത്തി. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് എസ്. ജയകൃഷ്ണന് സ്വാഗതവും വി എസ് കെ കോ- ഓര്‍ഡിനേറ്റര്‍ കെ. രാജേഷ് ചന്ദ്രന് നന്ദിയും പറഞ്ഞു.
വിശ്വസംവാദ കേന്ദ്രത്തിലേക്ക് വാര്‍ത്തകള്‍ അയക്കാനുള്ള ഇ-മെയില്‍ വിലാസം: news@ vskkerala.com വെബ്സൈറ്റ്: www.vskkerala.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: