അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാളാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഗ്രാമങ്ങളുടെ സമഗ്രമായ വികസനത്തിനുതകുന്ന വഴികളെപ്പറ്റി ലോകപ്രശസ്ത ശാസ്ത്രജ്ഞരും സംരംഭകരും ഭരണകര്‍ത്താക്കളും അടങ്ങുന്ന പ്രമുഖര്‍ പങ്കെടുക്കുന്ന ഉച്ചകോടിയാണ് അമൃതവര്‍ഷം’60 എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളുടെ പ്രധാന ആകര്‍ഷണം. മൂന്നുദിവസം നീളുന്ന ആഘോഷത്തില്‍ ലോകപ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുമുണ്ടാകും. ഏതാണ്ട് അഞ്ചുലക്ഷം വിശ്വാസികള്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ അമൃതപുരിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകസമാധാനത്തിനായി നടന്നു വരുന്ന ത്രിദിനപ്രാര്ഥന സമാപിക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 11 മണിക്ക് ആശ്രമത്തില്‍ അമ്മ ദര്‍ശനം നല്‍കും. 11.30ന് അമ്മയുടെ സാന്നിധ്യത്തില്‍ മഹാചണ്ഡികാഹോമം സമാപിക്കും. വൈകിട്ടു നാലുവരെ അമ്മ ദര്‍ശനം തുടരും.
രാവിലെ 11ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഔവര്‍ വില്ലേജ്, ഔവര്‍ വേള്‍ഡ്, വാട്ട് ക്യാന്‍ വീ ഓഫര്‍?എന്ന രാജ്യാന്തര ഉച്ചകോടി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. ഡോ. എം.എസ്. സ്വാമിനാഥന്, ഡോ. ലെലാന്‍ഡ് എച്ച്. ഹാര്‍ട്ട്വെല്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും. വൈകിട്ട് 6.30 മുതല്‍ രാത്രി എട്ടുവരെ അമ്മയുടെ നേതൃത്വത്തില്‍ ഭജന്‍.ഒമ്പതു മണിമുതല്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും.
ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കച്ചേരി, കാരക്കുടിയും മണിയും സംഘവും ഒരുക്കുന്ന ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍, സുജാതയും റിതാകാന്ത് മഹാപത്രയും ഒരുക്കുന്ന ഒഡീസി നൃത്തം, അമൃത യുവധര്മധാരയുടെ (അയുധ്) സംഗീത നൃത്താവതരണം എന്നിവയാണ് പരിപാടികള്‍.
26ന് രാവിലെ നടക്കുന്ന മഹാഗണപതി ഹോമത്തിനും ലളിതാസഹസ്രനാമാര്ച്ചനയ്ക്കും ശേഷം കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അരങ്ങേറും. 7.15ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമ്മയുടെ ഭക്തര്‍ അതത് രാജ്യങ്ങളുടെ ദേശീപതാകയുമേന്തി ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാലയിലേക്ക് ഘോഷയാത്ര നടത്തും. 8.30ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങളുടെ സങ്കലനം തിരുവനന്തപുരം ഋഗാറ്റ അവതരിപ്പിക്കും.
തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ അമൃത സര്‍വകലാശാല സമൂഹനന്മയ്ക്കായി വികസിപ്പിച്ചെടുത്ത ഒരുപിടി നൂതന സാങ്കേതിക വിദ്യകളുടെ പ്രാഥമികരൂപങ്ങളുടെ അനാച്ഛാദനം നരേന്ദ്ര മോദി നിര്‍വ്വഹിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള പേഴ്സണല്‍ സേഫ്റ്റി അലര്‍ട്ട് സംവിധാനവും വയര്‍ലെസ് ഇസിജി മോണിട്ടറായ അമൃതസപ്ന്ദനവും ഇവയില്‍ ഉള്‍പ്പെടും. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിടും.
മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍. ജോഷി, തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യ, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷി എന്നിവരാണ് 26ലെ പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. സമാപന ദിവസമായ 27ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് മുഖ്യാതിഥി. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ഹരീഷ് റാവത്ത് എന്നിവര്‍ പങ്കെടുക്കും.
രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, സ്പീക്കര്‍ ജി. കാര്ത്തികേയന്, കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, കൊടിക്കുന്നേല്‍ സുരേഷ്, സര്‍വ്വേ സത്യനാരായണ, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.എം. മാണി, ആര്യാടന് മുഹമ്മദ്, പി.ജെ.ജോസഫ്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. ജോസഫ്, കെ.പി. മോഹനന്, സി.എന്‍. ബാലകൃഷ്ണന്, വി.എസ് ശിവകുമാര്‍, ഷിബു ബേബി ജോണ്‍, പി.കെ. ജയലക്ഷ്മി എന്നിവരും വിവിധ ദിവസങ്ങളിലായി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രമുഖ റോക്ക് ഗിറ്റാറിസ്റ്റ് ജെ. മാസ്കിസ്, മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്, സംഗീതജ്ഞന് അജോയ് ചക്രബര്‍ത്തി, നര്‍ത്തകരും ചലച്ചിത്രതാരങ്ങളുമായ ശോഭന, മഞ്ജു വാര്യര്‍, മേള വിദഗ്ദ്ധന് എ. ശിവമണി, കീ ബോര്‍ഡ് മാന്ത്രികന് സ്റ്റീഫന്‍ ദേവസ്സി, സിത്താറിസ്റ്റ് നയന്‍ ഘോഷ്, ബാവുള്‍ സംഗീതജ്ഞ പാര്‍വതി, ബാവുള്‍ ആഫ്രിക്കന്‍ സംഗീതജ്ഞ മരിയ ഗാ തുടങ്ങിയവര്‍ ആഘോഷപരിപാടികളില്‍ കലാവിരുന്ന് ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: