ബാംഗ്ലൂര്‍: പത്താം തരം ജയിച്ചാല്‍ പത്തുദിവസം കൊണ്ട് ബിരുദ സര്‍ട്ടിഫിക്കറ്റ് എന്ന വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുകയാണെങ്കില്‍ തിരിച്ചറിയുക-അത് വ്യാജമാണ്. പല വെബ്സൈറ്റുകളിലായി നിരവധി സര്‍വകലാശാലകളുടെ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പത്തോ പ്ലസ്ടുവോ പാസായാല്‍ ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ ട്രെയിഡുകളുടെ ഡിപ്ലോമ തുടങ്ങിയ വിവിധ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നല്‍കുമെന്ന വാചകത്തോടുകൂടിയുള്ള പരസ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.
വളരെ ചുരുങ്ങിയ ദിവസത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന വ്യാജപ്രചാരണമാണ് ചതിക്കുഴികള്‍ ഒരുക്കുന്നത്. 5,000 മുതല്‍ 65,000 രൂപ വരെയാണ് കോഴ്സ് ഫീസായി ഈടാക്കുന്നത്. കൃത്യ സമയത്ത് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ നല്ല മാര്‍ക്കോടുകൂടി ബിരുദവും ലഭിക്കും. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുടര്‍പഠനത്തിനോ ജോലിക്കു വേണ്ടിയോ ഹാജരാക്കുമ്പോഴായിരിക്കും അവ വ്യാജമാണെന്ന് തിരിച്ചറിയുന്നത്.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുന്നതിനായി ഓരോ ദിവസവും ബാംഗ്ലൂര്‍ സര്വകലാശാലയിലെത്തുന്നവരുടെ എണ്ണം 20 മുതല്‍ 30 വരെയാണ്. അതില്‍ ഒന്നു മുതല്‍ നാല് ശതമാനം വരെ വ്യാജ സര്‍ട്ടിഫിക്കറ്റുകളായിരിക്കും.
മാസങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്ക് ഒരു മെയില്‍ വന്നു. അത് കനേഡിയന്‍ ഹൈക്കമ്മീഷണറുടെതായിരുന്നു. ഒരു ഉദ്യോഗാര്‍ഥിയുടെ ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചുള്ള സംശയമാണ് ഇ-മെയിലിന്റെ ഉള്ളടക്കം. സര്‍വകലാശാല അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ നിന്നും രജിസ്ട്രാറിന്റെ ഒപ്പ് വ്യാജമാണെന്നും മുന്‍ രജിസ്ട്രാറിന്റെ ഒപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും തെളിയുകയായിരുന്നു. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തു വരുന്നതെന്നും ബാംഗ്ലൂര്‍ സര്‍വകലാശാല 30 വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും രജിസ്ട്രാര്‍ ആര്.കെ. സോമശേഖര്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ അകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളുടെ പേരില്‍ കൊള്ള നടക്കുകയാണ്. ഏത് സര്‍ട്ടിഫിക്കറ്റുകള്‍ വേണമെങ്കിലും ഒര്ജിനലുകളെ വെല്ലുന്ന രീതിയിലാണ് പുറത്തിറക്കുന്നത്. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്ക് വേണമെങ്കിലും സോഫ്റ്റ്വെയറിന്റെയും ഒരു കളര്‍ പ്രിന്ററിന്റെയും സഹായത്തോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുവാന്‍ സാധിക്കും. ഒരെണ്ണം നിര്‍മിച്ചാല്‍ വളരെ തുച്ഛമായ വിലയില്‍ കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന് ഉപയോഗിച്ച് നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാം.
കഴിഞ്ഞ ജനുവരിയില്‍ മാംഗ്ലൂര്‍ പോലീസ് വ്യാജ മാര്ക്ക്ലിസ്റ്റ് നിര്‍മിച്ചതിനു രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. 2012 നവംബറിലും സമാനസ്വഭാവമുള്ള കേസ്സിനു രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു പോലെ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ലോബി രാജ്യമൊട്ടാകെ ഉണ്ട്. ഇപ്രകാരം നിര്‍മിക്കുന്ന സര്‍ട്ടിഫിക്കറ്റിന് ഒരു കുട്ടിയില്‍ നിന്നും 30,000 മുതല്‍ 1.2 ലക്ഷം രൂപ വരെ ഈടാക്കുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: