കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലാണ് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിച്ചത്. പാറാട്ടെ എം കെ ടൂ വീലേഴ്സ് ഉടമ എം. പ്രസാദിനെയാണ് ഇന്നലെ വിസ്തരിച്ചത്. സിപിഎം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്, ഫോട്ടോഗ്രാഫര്‍ എം.ഭാസ്ക്കരന്‍ എന്നിവര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ഇവരുടെ വിസ്താരം ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. ആരോഗ്യപരമായ കാരണങ്ങളാണ് ഇരുവരും കോടതിയില്‍ ഹാജരാവാതിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.
പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്ഷോപ്പില്‍ നന്നാക്കാന്‍ നല്കിയ ടൂ വീലര്‍ വാങ്ങാന്‍ പോകുമ്പോഴാണ് കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഢാലോചന നടന്നത് കണ്ടതെന്ന് 20-ാം സാക്ഷി വത്സന് കോടിതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വത്സന്റെ ടൂ വീലര്‍ തന്റെ സ്ഥാപനത്തില്‍ നന്നാക്കാന്‍ നല്‍കിയിട്ടില്ലെന്ന് പ്രസാദ് ഇന്നലെ മൊഴി നല്കി. ഒരാഴ്ച മുമ്പ് കുഞ്ഞനന്തന്റെ ഭാര്യ ശാന്ത കോടതിയില്‍ മൊഴി നല്കാന് വരണമെന്ന് പറഞ്ഞിരുന്നു.
സിപിഎം നേതാവ് കുഞ്ഞനന്തനെ അറിയുമെന്ന് മൊഴി നല്കിയ പ്രസാദ് കടയില്‍ നടത്തുന്ന വാഹന റിപ്പയര്‍ സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിക്കാറില്ലെന്നും ഇത്തരത്തിലുള്ള യാതൊരുവിധ രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും മൊഴി നല്കി.
പ്രതിഭാഗം സാക്ഷികളായ രണ്ട് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍മാരുടെ വാദം 27ന് കോടതിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: