കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടക കക്ഷികളുടെ ഒരുക്കം തന്നെ വിവാദത്തില്‍. ഗ്രൂപ്പ് വഴക്കില്പെട്ട് ഉലയുന്ന കോണ്‍ഗ്രസ് മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലീംലീഗുമായും കടുത്ത ഭിന്നതയിലായി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ മുസ്ലീംലീഗാണെന്ന അവകാശവാദത്തിനെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു. കെ.മുരളീധരന്, ആര്യാടന് മുഹമ്മദ് എന്നിവരാണ് മുസ്ലീംലീഗ് നേതാക്കളുടെ അവകാശവാദത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്. വയനാട്, കോഴിക്കോട്, പൊന്നാനി, മഞ്ചേരി, പാലക്കാട് ലോകസഭാ മണ്ഡലങ്ങളിലെ മുസ്ലീംലീഗ് സ്പെഷ്യല്‍ കണ്‍വെന്‍ഷനുകളിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. മലബാറിലെ യുഡിഎഫ് വിജയത്തിന്റെ ഉടമസ്ഥത മുസ്ലീംലീഗിന് അവകാശപ്പെട്ടതാണെന്നായിരുന്നു ലീഗ് നേതാക്കളുടെ അവകാശവാദം. തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനുള്ള സമയമായിട്ടും കോണ്‍ഗ്രസ് ഉറക്കത്തിലാണെന്നും ലീഗ് നേതാക്കള്‍ പരിഹസിച്ചു.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ കെ. മുരളീധരനും ആര്യാടന് മുഹമ്മദും ശക്തമായി രംഗത്തുവന്നു. മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വോട്ടാണെന്നും തെക്കന്‍ ജില്ലകളിലെ വിജയം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്നും എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പ്രത്യേകം കണ്‍വെന്‍ഷനുകള്‍ നടത്തി ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലീംലീഗ് നേതാക്കള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പോര്‍വിളി മുറുകുന്നതിനിടയിലാണ് കോണ്‍ഗ്രസിനുള്ളിലും ഗ്രൂപ്പ് വഴക്ക് ശക്തമാവുന്നത്. കോണ്‍ഗ്രസ് ഐ വിഭാഗത്തിന് പൊതുയോഗം നടത്താന്‍ ഉച്ചഭാഷിണി നിഷേധിക്കുന്നതുവരെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചിരിക്കുകയാണ്. കര്‍ഷക കോണ്‍ഗ്രസിന്റെ പേരില്‍ ഐ വിഭാഗം സംഘടിപ്പിച്ച യോഗം പോലീസിനെ സ്വാധീനിച്ച് ഉച്ചഭാഷിണി അനുമതി നിഷേധിച്ചുന്നുവെന്നായിരുന്നു കോഴിക്കോട് ജില്ലയിലെ ഐ നേതാക്കളുടെ വിമര്‍ശനം. ഒമ്പത് ഡിസിസി എ വിഭാഗം നേതാക്കള്‍ പത്രസമ്മേളനം നടത്തി ഐ വിഭാഗത്തെ വെല്ലുവിളിക്കുകയായിരുന്നു.
മുസ്ലീലീഗിനുള്ളിലും ഇരുവിഭാഗം സുന്നി നേതാക്കള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. ഇ.കെ. വിഭാഗവുമായി ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ചുണ്ടായ തര്‍ക്കം ഇരുവിഭാഗത്തെയും വീണ്ടും പിണക്കിയിരിക്കുകയാണ്. എംഎസ് എഫ്, യൂത്ത്ലീഗ് നേതാക്കള്‍ മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവനകളുമായി രംഗത്തു വന്നു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജിയാണ് വ്യക്തിനിയമ സംരക്ഷണവേദിയുടെ ജനറല്‍ കണ്‍വീനര്‍. ഈ സമിതിക്കെതിരെയാണ് ലീഗിന്റെ യുവ-വിദ്യാര്‍ത്ഥിവിഭാഗം രംഗത്തുവന്നിരിക്കുന്നത്. കാന്തപുരം വിഭാഗത്തെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് മുസ്ലീംലീഗിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. എന്നാല്‍ കാന്തപുരം വിഭാഗവുമായുള്ള ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കാനാവില്ലെന്നാണ് സമസ്തയുടെ നിലപാട്. ഈ പിടിവലിക്കുള്ളില്പ്പെട്ട് വീര്‍പ്പുമുട്ടുകയാണ് മുസ്ലീംലീഗ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: