കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അനധികൃതനിയമനം വ്യാപകമാകുന്നു. ഇതുവരെ 694 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചുകഴിഞ്ഞു. ഡ്രൈവര്‍ തസ്തികയില്‍ 5 പേരെയും ടൈപ്പിസ്റ്റ് തസ്തികയില്‍ 65 പേരെയും മറ്റു വിവിധ തസ്തികകളിലായി 82 പേരെയും ഹെല്‍പ്പര്‍ തസ്തികയില്‍ 15 പേരെയും സ്വീപ്പര്‍ തസ്തികയില്‍ 480 പേരെയും ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ 6 പേരെയുമാണ് നിയമിച്ചത്. വൈസ് ചാന്‍സിലറായി ഡോ.എ.വി.ജോര്‍ജ്ജ് ചുമതലയേറ്റതിനു ശേഷം 328 പേരെയാണ് വിവിധ തസ്തികകളില്‍ നിയമിച്ചത്. അടുത്ത കാലത്ത് 52 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്.
ഒഴിവുകള്‍ യഥാസമയത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സര്‍വ്വകലാശാലയുടെ പ്രത്യേക അധികാരം മറയാക്കിയാണ് വ്യാപകമായി നിയമനം നടത്തുന്നത്.
കഴിഞ്ഞവര്‍ഷം വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നല്കുന്ന പട്ടികയില്‍ നിന്നും കുറച്ചുപേരെ എങ്കിലും സര്‍വ്വകലാശാലയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 35 പേരുടെ പട്ടിക സര്‍വ്വകലാശാലയ്ക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നല്‍കിയെങ്കിലും ഒരാളെ പോലും നിയമിക്കാന്‍ തയ്യാറായില്ല. ഈ പട്ടിക മറികടന്നാണ് സര്‍വ്വകലാശാല അനധികൃതനിയമനം നടത്തിയത്.
അഴിമതിയിലും കെടുകാര്യസ്ഥതയിലും ധൂര്‍ത്തിലും വിവാദങ്ങളിലുംപെട്ട് നട്ടം തിരിയുന്ന എംജി സര്‍വ്വകലാശാല ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ഇതിനിടയിലാണ് അനധികൃതനിയമനം വ്യാപകമാകുന്നത്. കേരളാ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും അപ്രമാദിത്വമാണ് എംജി സര്‍വ്വകലാശാലയില്‍ നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: