ഇടുക്കി: സംഭരണശേഷിയുടെ 98 ശതമാനത്തോളം വെള്ളം നിറഞ്ഞെങ്കിലും ചെറുതോണി അണക്കെട്ട് മൂന്ന് ദിവസത്തേക്ക് തുറക്കില്ലെന്നു കെ.എസ്.ഇ.ബി ചീഫ് എഞ്ചിനിയര്‍ കെ.പി.കറപ്പന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഡാം ഇന്നു തുറന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ടെന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2401.69 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.ശനിയാഴ്ചയും വൃഷ്ടിപ്രദേശത്ത് മഴ കുറവായിരുന്നു. 1.75 മില്ലീലിറ്റര്‍ മഴമാത്രമാണ് ഇന്നലെ പെയ്തത്. അണക്കെട്ടിന്റെ സ്ഥിതിയെ കുറിച്ച് ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കറുപ്പന്‍കുട്ടി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈദ്യുതോല്പാദനം പൂര്‍ണതോതില്‍ നടക്കുന്നുണ്ട്. മൂലമറ്റത്ത് 44.47 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ ഉല്പാദിപ്പിച്ചത്.
2402.15 അടി വെള്ളമായാല്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പ് കെ.എസ്.ഇ.ബിയും ജില്ലാ ഭരണകൂടവും നല്‍കും. വാത്തിക്കുടി, കൊന്നത്തടി, ഉപ്പുതോട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു ഷെല്‍ട്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റും ചെറുതോണിയിലെത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അവലോകനയോഗം എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്നു.ഇടുക്കി ഡാം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കാഴ്ച്ചകാണാന്‍ കൂടിനില്‍ക്കരുതെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ച്ച് ഡാമായ ഇടുക്കിക്ക് ഷട്ടറുകളില്ല. അനുബന്ധ ഡാമായ ചെറുതോണി അണക്കെട്ടിന്റെ സ്പില്‍വേകള്‍ വഴിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുക.ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും.
ഭൂതത്താന്‍കെട്ട് ഡാം വഴി കുതിച്ചൊഴുകുന്ന ജലമാണ് ജില്ലയെ ബാധിക്കുക. ദുരന്തനിവാരണ സേന അടക്കമുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂലമറ്റം പവര്‍ഹൗസില്‍ ആറ് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് ജലനിലപ്പ് കുറയ്ക്കാനാണ് കെഎസ്ഇബി ശ്രമം. ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഇടുക്കി തുറന്നിട്ടുള്ളത്. 1981 ഒക്ടോബര്‍ 21 നും 1992 ഒക്ടോബര്‍ 11നുമായിരുന്നു ഇത്. ഈ രണ്ട് തവണയും തുലാവര്‍ഷം ശക്തിപ്പെട്ടപ്പോഴായിരുന്നു ഡാം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: