കൊച്ചി: അധ്യാപകര്‍ ഇനി കോട്ട് ധരിക്കണമെന്ന ജില്ലാ പഞ്ചായത്തിന്റെ തീരുമാനം വിവാദത്തില്‍. പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളിലെ എല്ലാ അധ്യാപകര്‍ക്കും യൂണിഫോമായി ഓവര്‍കോട്ട് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. ഹയര്‍ സെക്കന്ററി അധ്യാപകരില്‍ അധികവും ചെറുപ്പക്കാരാണ്. ഇവരെ കുട്ടികളില്‍ നിന്നും വേര്‍തിരിച്ചറിയാനും, അധ്യാപികമാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കാനാണ് ഓവര്‍കോട്ട് എന്നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. അടുത്തിടെ അധ്യാപികമാരുടെ ചിത്രം കുട്ടികള്‍ മൊബെയിലില്‍ പകര്‍ത്തിയതും ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ അധ്യാപകര്‍ക്ക് ഏത് തരത്തിലുള്ള ഡ്രസ്സുധരിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം മലപ്പുറത്തെ ഒരു സ്കൂളില്‍ അധ്യാപകര്‍ പച്ചക്കോട്ട് ധരിക്കണമെന്ന ഉത്തരവ് ഇറങ്ങിയത് വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏത് വസ്ത്രവും ധരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രത്യേക നിബന്ധന ഇല്ലാത്തപ്പോള്‍ ഒരു ജില്ലയില്‍ മാത്രം ഇങ്ങനെ ഓവര്‍കോട്ട് കൊണ്ടുവരുന്നതാണ് വിവാദമാകുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഈ വിചിത്രമായ തീരുമാനം പിന്‍വലിക്കണമെന്ന് എന്‍ടിയു ജില്ലാ സെക്രട്ടറി എം.ശങ്കര്‍ ആവശ്യപ്പെട്ടു. അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് ഒക്ടോബര്‍ 4ന് അധ്യാപക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: