കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവില്‍നിന്നും ഭൂരിഭാഗവും പുറത്താകും. അപേക്ഷ നല്കാന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളാണ് വിനയായിട്ടുള്ളത്. അപേക്ഷ നല്കല് ചെലവേറിയതും പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലില്ലാതെ വലയുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നു. ജില്ലയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 50 പേരാണ്. പതിനായിരങ്ങള്‍ വിദ്യാഭ്യാസ വായ്പയുടെ കടബാധ്യതയില്‍ വലയുമ്പോഴാണിത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഈ മാസം 30 ആണ്.
അപേക്ഷയോടൊപ്പം പഠിച്ച കോളേജിന്റെ സാക്ഷ്യപത്രം വേണമെന്ന മാനദണ്ഡമാണ് കുടുതല്‍ പ്രയാസമായിട്ടുള്ളത്. ജില്ലയിലെ ഭൂരിഭാഗംപേരും നേഴ്സിങ് പഠനത്തിന് വായ്പ എടുത്തിട്ടുള്ളവരാണ്. ഇവരില്‍ 90 ശതമാനം പഠിച്ചത് കര്‍ണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലാണ്. അപേക്ഷയോടൊപ്പം വെയ്ക്കേണ്ട സാക്ഷ്യപത്രം ഈ സംസ്ഥാനങ്ങളില്‍ പോയി വാങ്ങണം. ഈ സംസ്ഥാനങ്ങളില്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ നിലവിലില്ല. മാനേജ്മെന്റ് മാറിയ സ്ഥാപനങ്ങളും ഏറെയാണ്. ഇവിടെ പഠിച്ചവര്‍ക്കൊന്നും സാക്ഷ്യപത്രം കിട്ടാത്ത സാഹചര്യമാണ്. നിലവിലുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപത്രം നല്കാന് വന്‍തുക ആവശ്യപ്പെടുന്നതായും അപേക്ഷകര്‍ പരാതിപ്പെട്ടു. കര്‍ണാടകയിലെ ഒരുകോളേജ് സക്ഷ്യപത്രത്തിനായി 25,000 രൂപ ആവശ്യപ്പെട്ടതായി വ്യാഴാഴ്ച അപേക്ഷയുമായി കലക്ടറേറ്റിലെത്തിയ ഒരു രക്ഷിതാവ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ തങ്ങളുടെ പൂര്വ്വവിദ്യാര്ഥികളെ പിഴിയാനുള്ള അവസരമാക്കിയിരിക്കുകയാണിത്.
അപേക്ഷയോടൊപ്പം വെക്കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റില്‍ കോളേജിന്റേതുള്പ്പെടെയുള്ള വിവരങ്ങള്‍ ഉള്ളപ്പോള്‍ സാക്ഷ്യപത്രം എന്തിനാണെന്ന് അപേക്ഷകര്‍ ചോദിക്കുന്നു. നേഴ്സിങ് കഴിഞ്ഞവര്‍ ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെയും അതാത് സംസ്ഥാനത്തെ നേഴ്സിങ് കൗണ്‍സിലുകളുടെയും സര്‍ട്ടിഫിക്കറ്റുകളും വെക്കുന്നുണ്ട്. ഇതിലുമുണ്ട് പഠനം തുടങ്ങിയ വര്‍ഷവും കോഴ്സ് പൂര്‍ത്തിയാക്കിയ വര്‍ഷവും. ഇതൊന്നും മതിയാവാതെയാണ് കോളേജിന്റെ സാക്ഷ്യപത്രം ആവശ്യപ്പെടുന്നത്. ആഗസ്ത് മൂന്നിന് സംസ്ഥാനസര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഇറക്കിയ 41/2003 നമ്പര്‍ ഉത്തരവ് പ്രകാരമാണ് വിദ്യാഭ്യാസവായ്പയുടെ പലിശക്ക് ഇളവ് നല്‍കുന്നത്. കലക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കണ്ടേത്.
2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31വരെ വിദ്യാഭ്യാസവായ്പ എടുത്തവര്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വരുമാനസര്‍ട്ടിഫിക്കറ്റും അപേക്ഷകന് തൊഴില്‍ രഹിതനാണെന്ന് ഗസ്റ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അപേക്ഷയോടൊപ്പം ഹാജരാക്കണം. ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങളും ആവശ്യമാണ്. ഈ രേഖകള്‍ സമ്പാദിക്കാന്‍ ദിവസങ്ങളെടുക്കും. പരിമിതമായ ദിവസങ്ങള്മാത്രമേ ഇനി അപേക്ഷ സമര്‍പ്പിക്കാനുള്ളു. പദ്ധതി സംബന്ധിച്ച് കലക്ടര്‍ വ്യാപകമായ പ്രചാരണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍തന്നെ പറഞ്ഞിട്ടുങ്ക്ലും അത്തരം നടപടികളൊന്നുമുണ്ടായില്ല.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: