കോഴിക്കോട്: വിവാഹ പ്രായം കുറക്കുന്നതടക്കമുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളും ഒരുമിച്ചുചേര്‍ന്ന് മുസ്ലീം വ്യക്തി നിയമ സംരക്ഷണസമിതിക്ക് രൂപം നല്കി. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം വ്യക്തിനിയമത്തില്‍ നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തിര പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരെ സമീപകാലത്ത് ശത്രുതാപരമായ എതിര്പ്പുണ്ടാവുന്നുവെന്നാണ് യോഗം വിലയിരുത്തിയത്. എന്നാല്‍ മുസ്ലീം വ്യക്തി നിയമത്തില്‍ വിവാഹപ്രായം നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ വിവാഹപ്രായം കുറയ്ക്കണമെന്ന വാദമുയര്‍ത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കാര്യത്തില്‍ ഇവര്‍ നിശ്ശബ്ദരാകുകയാണ്.
കോഴിക്കോട് സിയസ്കോ യതീംഖാനയില്‍ പ്രായപൂര്‍ത്തിയെത്താത്ത മുസ്ലീം പെണ്‍കുട്ടിയെ അറബി പൗരന് വിവാഹം കഴിച്ചുകൊടുത്തതും പതിനേഴ് ദിവസത്തെ ദാമ്പത്യത്തിനു ശേഷം മൊഴിചൊല്ലിയതും ഈയിടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വ്യാപകമായ എതിര്‍പ്പാണ് ഈ സാമൂഹ്യ അനാചാരത്തിനെതിരെ ഉയര്‍ന്നുവന്നത്. ഇതിനെ മുസ്ലീം വേട്ടയാണെന്ന് ചിത്രീകരിച്ച് രംഗത്തുവന്നവരാണ് മുസ്ലീം വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ യോജിച്ച വേദിക്ക് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കില്ലെന്നും അവരുമായി യോജിച്ചു നിന്ന് പ്രവര്‍ത്തിക്കില്ലെന്നും അവകാശപ്പെട്ടിരുന്ന മുസ്ലീം ലീഗാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് വേദി രൂപീകരിച്ചു കൊണ്ട് മുസ്ലീം വ്യക്തിനിയമസംരക്ഷണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. സമസ്തയുടെ ഒരു വിഭാഗം, മുജാഹിദിന്റെ ഇരു വിഭാഗങ്ങള്‍, മുസ്ലീംലീഗ്, ജമാഅത്തെ ഇസ്ലാമി , എം.എസ്.എം. എം.ഇ.എസ്, എന്നീ സംഘടനകളുടെ നേതാക്കളാണ് കോഴിക്കോട്ട് കഴിഞ്ഞധിവസം യോഗംചേര്‍ന്നത്.
മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി രംഗത്തുവന്ന എം.ഇ.എസ്സും, മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച മുജാഹിദു വിഭാഗങ്ങളും മുസ്ലിം പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും തകര്‍ക്കുന്ന യാഥാസ്ഥിതിക നിലപാടുകളുമായി യോജിച്ചിരിക്കുകയാണ്. വിവാഹപ്രായം കുറയ്ക്കണമെന്ന് അഭിപ്രായമില്ലെന്ന് മുസ്ലിംലീഗ് ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചപ്പോള്‍ ഇന്ത്യയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം നിശ്ചയിച്ചത് മുസ്ലിം വ്യക്തിനിയമത്തിനെതിരാണെന്നായിരുന്നു സംസ്ഥാനസെക്രട്ടറി എം.സി. മായിന്‍ഹാജി പ്രതികരിച്ചത്. ശരീയത്തിനെതിരായ നീക്കം അനുവദിക്കില്ലന്നും ലീഗ് നേതാവ് തുറന്നടിച്ചു. വിവിധരാജ്യങ്ങളില്‍ വിവാഹപ്രായം പതിനെട്ടിന് താഴെയാണെന്നും അദ്ദേഹം വാദിക്കുന്നു.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനിര്‍ ആകട്ടെ മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതത്തെ സാരമായിബാധിക്കുന്ന ഈ ആവശ്യത്തിനെതിരെ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. മുസ്ലിം വ്യക്തിനിയമസംരക്ഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ കുറവുവരുത്താന്‍ കഴിഞ്ഞാല്‍ മുസ്ലിം ആണ്‍കുട്ടികളുടെ വിവാഹപ്രായകാര്യത്തിലും കുറവുവരുത്താന്‍ കഴിയുമെന്നാണ് സംഘടനകളുടെ കണക്കുകൂട്ടല്‍.ഇപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സാണ് ആണ്‍കുട്ടികളുടെ പ്രായ പരിധിയെങ്കില് അത് പതിനെട്ട് വരെയാക്കണമെന്നോ അല്ലെങ്കില്‍ പ്രായ നിബന്ധന എടുത്തുകളയണമെന്നോ ഉള്ള വാദം ഉയര്‍ത്താനാണ് നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെയര്‍മാനായി കോട്ടുമല ബാപ്പു മുസ്ലിയാരെയും കണ്‍വീനറായി എം സി മായിന്‍ ഹാജിയെയും കോ- ഓഡിനേറ്ററായി മുസ്തഫ മുണ്ടുപാറയെയും യോഗം തെരെഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: