തിരുവല്ല: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും പ്രശസ്ത സോളാര്‍ പാമിസ്റ്റ് പി.എ.വര്‍ഗ്ഗീസിന്റെ പ്രവചനം. ഇതിനായി ഒട്ടേറെ പ്രതിസന്ധികളെ നരേന്ദ്രമോഡി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. നരേന്ദ്രമോഡിയുടെ മുഖത്തിന്റെ രൂപം ടി.വി.സ്ക്രീനിലൂടെ വിശകലനം ചെയ്താണ് മുമ്പ് അടല്‍ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയാകുമെന്നതടക്കം ഒട്ടനവധി പ്രവചനങ്ങളിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച പി എ വര്‍ഗ്ഗീസ് വീണ്ടും പ്രവചനം നടത്തിയിട്ടുള്ളത്.
രേഖാശാസ്ത്രവും ജ്യോതിഷവും ലക്ഷണശാസ്ത്രവും സംയോജിപ്പിച്ച് വര്‍ഷങ്ങളായി നടത്തിയിട്ടുള്ള പഠനത്തില്‍നിന്നും സ്വയം വികസിപ്പിച്ചെടുത്ത പുതിയ ശാസ്ത്രതത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇദ്ദേഹം പ്രവചനം നടത്തുന്നത്.
അമേരിക്കയിലെ പൊതു തെരഞ്ഞെടുപ്പിന് അഞ്ചുമാസങ്ങള്‍ക്ക് മുമ്പുതന്നെ ബില്‍ ക്ലിന്റണ് അധികാരത്തില്‍ വരുമെന്ന് 1992 ല്‍ വര്‍ഗ്ഗീസ് പ്രവചിച്ചിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ ക്ലിന്റണ് ഇദ്ദേഹത്തെ പ്രശംസിച്ച് അയച്ച കത്ത് ഇപ്പോഴും കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട് ഈ എഴുപത്തിനാലുകാരന്. ജോര്‍ജ് ബുഷ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഢ് സംസ്ഥാനരൂപീകരണം, 2002 ലെ ഇടക്കാല തെരഞ്ഞെടുപ്പ് എന്നിവയും ഇദ്ദേഹം വളരെ മുമ്പുതന്നെ പ്രവചിച്ചിരുന്നു. ഗുജറാത്തിലെ ഭൂകമ്പത്തെക്കുറിച്ച് നടത്തിയ പ്രവചനം മദ്ധ്യപ്രദേശിലെ ഹിറ്റ്വാഡാ ദിനപത്രം വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. 2001 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ കേരളക്കരയുടെ ഒരു ഭാഗം കടല്‍ വിഴുങ്ങുമെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകുമെന്നും ഇത് ഇന്ത്യയെ സ്വാധീനിക്കില്ലെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. പുതിയ നൂറ്റാണ്ടില്‍ അന്താരാഷ്ട്രതലത്തില്‍ ഭാരതം ശക്തിയാര്‍ജ്ജിക്കുമെന്നും 2001-04 കാലയളവില്‍ അയോദ്ധ്യാവിഷയം ശക്തിപ്രാപിക്കുമെന്നും ഭാവിയില്‍ ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുമെന്നും ഇങ്ങനെ ഒട്ടേറെ പ്രവചനങ്ങള്ക്കുടമയാണ് പി.എ.വര്‍ഗ്ഗീസ്. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തിയാല്‍ മാത്രമേ ഇനി കോണ്‍ഗ്രസിന്റെ ശുക്രദശ തെളിയുകയൊള്ളൂ എന്നും അയോദ്ധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്ന സ്ഥലത്ത് രാമക്ഷേത്രം പണിതെങ്കില്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.
കോസ്മിറ്റ് പവര്‍ ആന്റ് ഹ്യൂമന്‍ ഡിസ്റ്റിനി എന്ന ശാസ്ത്രീയ തത്വത്തെ അടിസ്ഥാനപ്പെടുത്തി സ്വയം നിര്‍മ്മിച്ച സോളാര്‍ ഡിവൈഡിംഗ് മെഷീനുപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഹസ്തരേഖാ പ്രവചനം. കമ്പ്യൂട്ടര്‍ സ്കാനറില്‍ ഉള്ളംകൈ സ്കാന്‍ ചെയ്താണ് രേഖകളുടെ വിശകലനം നടത്തുന്നത്. സോളാര്‍ ഡിവൈഡിംഗ് മിഷീനുള്ളിലേക്ക് രേഖകള്‍ പതിപ്പിച്ച ഗ്ലാസ് ഇട്ടതിന് ശേഷം ഗ്ലാസ് സ്ലൈഡുകളില്‍ സൂക്ഷ്മരേഖകള്‍ പതിപ്പിച്ച് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുന്നു. മുഖ ലക്ഷണവും മുഖരേഖയുംവരെ പരിശോധിച്ചാണ് ഫലം പറയുന്നത്.
ഭിലായി സ്റ്റീല്‍പ്ലാന്റില്‍ അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ഹസ്തരേഖാശാസ്ത്രത്തിന്റെ പഠനത്തിന് വേണ്ടിയാണ് ജോലിയില്‍ നിന്നും വിരമിച്ചത്. മരുന്ന് നിര്‍മ്മാണ മേഖലയില്‍ ഡോക്ടേറ്റ് ലഭിച്ച ഡോ.ഫിലിപ്പ് ജോര്‍ജ്ജിന് നോബല്‍ സമ്മാനം ലഭിക്കുമെന്ന് 2005 ല്‍ പ്രവചിച്ചിരുന്നു. നോബല്‍സമ്മാന പരിഗണന ലിസ്റ്റില്‍ കടന്നുകൂടിയ സന്തോഷത്തില്‍ വര്‍ഗ്ഗീസ് തലവടിയെ സ്വീഡനിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഫിലിപ്പ് ജോര്‍ജ്ജ്.
എം.ആര്.അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: