അജ്മീര്‍: ചെറുപട്ടണങ്ങളേയും വ്യോമ മാര്‍ഗ്ഗത്തില്‍ ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇതിനായ് 100 ഓളം വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ കൃഷ്ണഗഡില് പണികഴിപ്പിക്കുന്ന വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കര്‍മം പ്രധാനമന്ത്രി നിര്‍വഹിച്ചു. 2016 ഓടെ ഈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇതൊരു സ്വപ്ന പദ്ധതിയാണെന്നും പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു. നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മെട്രോ നഗരങ്ങളില്‍ വിമാനത്താവളം രൂപീകരിക്കുന്നതിനായിരുന്നു. ഇപ്പോള്‍ ചെറുപട്ടണങ്ങളേയും നഗരങ്ങളേയുമാണ് കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃഷ്ണഗഡ് വിമാനത്താവളത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന് ഏകദേശം 161 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് ആ പ്രദേശത്തിന്റെ വളര്‍ച്ചയേയും സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്മോഹന് സിംഗ് പറഞ്ഞു. 2020 ഓടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ വിമാന യാത്രക്കാരുടെ എണ്ണം 16 കോടിയായിരുന്നു. 2020 ഓടെ ഇത് 30 കോടിയായി ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ഈ ആവശ്യം നിറവേറ്റുന്നതിന് കൂടുതല്‍ പ്രയത്നം ആവശ്യമാണെന്നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നും കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുപട്ടണങ്ങളെ തമ്മില്‍ വ്യോ മാര്‍ഗ്ഗത്തിലൂടെ ബന്ധിപ്പിക്കേണ്ടതിന്റെ പ്രധാന്യം ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കി. മിക്ക നഗരങ്ങളിലും ചെറു വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും സേവനം വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് നടത്തുമെന്നും അജിത് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: